agnal-game

ആലുവ ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നലിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. പത്താം ക്ലാസുകാരനായ ആഗ്നലിന്റെ മരണത്തില്‍ ഗെയിമുകള്‍ക്കപ്പുറത്തേക്കുള്ള സാധ്യതകളിലേക്കും പൊലീസിന്‍റെ അന്വേഷണം. ഗെയിം ടാസ്കിനെ തുടര്‍ന്നാണ് മരണമെന്ന് കുടുംബം പറയുമ്പോളും മരണസമയത്ത് കുട്ടിയുടെ കയ്യില്‍ മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഹൊറര്‍ഫീല്‍ഡ്, ഫ്രീഫയര്‍ എന്നീ ഗെയിമുകളാണ് മരിച്ച ആഗ്നല്‍ കളിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

 

മരിക്കുമ്പോള്‍ ആഗ്നലിന്‍റെ വേഷവും രീതിയുമാണ് കില്ലര്‍ ഗെയിമുകളെ സംശയനിഴലില്‍ നിര്‍ത്തുന്നത്. ഗെയിം കളിക്കാന്‍ അച്ഛന്‍റെയും അമ്മയുടെയും ഫോണുകളാണ് ആഗ്നല്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൊറര്‍ഫീല്‍ഡ്, ഫ്രീഫയര്‍ ഗെയിമുകളുടെ വിവരം ലഭിച്ചത്. 

അജഞാതരായ അംഗങ്ങള്‍ ചേര്‍ന്ന് ടീമായാണ് ഹൊറര്‍ഫീല്‍ഡ് കളിക്കേണ്ടത്. സൈക്കോകളായ എതിരാളികളില്‍ നിന്ന് രക്ഷപ്പെടുകയാണ് ദൗത്യം. ബോണസ് ലഭിക്കാന്‍ മറ്റ് പല കടമ്പകളും താണ്ടണം. ഇത്തരം ടാസ്കുകള്‍ക്കിടെ അബദ്ധവശാലാണോ മരണമെന്നാണ് ഒരു സംശയം. എന്നാല്‍ ആഗ്നല്‍ ടാസ്കാണ് ചെയ്യാന്‍ ഉദേശിച്ചതെങ്കില്‍ എന്തുകൊണ്ട് ഫോണ്‍ കൊണ്ടുപോയില്ല എന്ന ചോദ്യമാണ് ഗെയിമിനപ്പുറത്തേക്കുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നത്. 

ഈ ഗെയിം ഫോണില്‍‌ ലോക്ക് ചെയ്ത നിലയിലായിരുന്നു. ഇത് തുറന്ന് പരിശോധിക്കുന്നതോടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസിന്‍റെ നിഗമനം.  കേസിന്‍റെ അന്വേഷണം ആലുവ ഡിവൈഎസ്പി എ. പ്രസാദ് ഏറ്റെടുത്തു. മാതാ പിതാക്കളുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിക്കും. ആഗ്നലിന്‍റെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. 

മരണകാരണം ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമെന്ന് പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.  പലഭാഷകളില്‍ ആളുകളുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും പിതാവ് പറയുന്നു. റെയിൻകോട്ട് ധരിച്ച്, കൈകൾ ബന്ധിച്ച്, വായ ടേയ്‌പ്കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ അഗ്നലിനെകാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്താംക്ലാസുകാരന്‍ ആത്മഹത്യ സംഭവം ഞെട്ടിക്കുന്നതെന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഓൺലൈൻ കില്ലർ ഗെയിമുകൾക്ക് തടയിടണം . ഐ. ടി വിദഗ്ദ്ധരുടെ സഹായത്തോടെ സർക്കാർ തലത്തിൽ പരിഹാരം കാണണമെന്നും അൻവർ സാദാത്ത് മനോരമ ന്യൂസിനോട്പറഞ്ഞു.