cyber-fraud30

ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾ വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങളിൽ എത്തിച്ച് സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ അടിമകളാക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കില്‍ മുപ്പതിനായിരത്തോളം ഇന്ത്യക്കാരാണ്  തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ കേരളത്തിൽനിന്നുള്ള 2,659 പേർ സൈബർ അടിമകളായി കഴിയുന്നുവെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നത്. 

 

2022 ജനുവരി മുതൽ 2024 മെയ് വരെ സന്ദർശക വീസയിൽ തായ്‌ലാന്‍ഡ്, കംബോഡിയ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയ 73,138 ഇന്ത്യക്കാരിൽ 29,466 പേർ മടങ്ങിയെത്തിയിട്ടില്ല. 40 വയസ്സില്‍  താഴെയുള്ളവരാണ് ഇവരില്‍ക്കൂടുതല്‍. ഓൺലൈൻ തട്ടിപ്പ് സംഘങ്ങള്‍ ഇവരെ തിരിച്ചറിഞ്ഞ് ജോലി വാഗ്ദാനം ചെയ്യും. പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തും. ഗത്യന്തരമില്ലാതെ ഇവര്‍ തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാകും. സൈബർ മോഷണം മുതൽ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ ഹാക്ക് ചെയ്യുന്നതുവരെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യിക്കും. കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ളവരെ തിരിച്ചറിഞ്ഞാണ് സംഘത്തില്‍ച്ചേര്‍ക്കുന്നത്. 

ഇങ്ങനെ സൈബര്‍ അടിമകളായി കഴിയുന്നവരില്‍ 69 ശതമാനം പേരും തായ്‌ലാന്‍ഡിലാണുള്ളത്. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 30,000 പേരില്‍ 3,667 പേരും പഞ്ചാബില്‍നിന്നുള്ളവരാണ്. മഹാരാഷ്ട്രയും തമിഴ്നാടും 2,659 പേരുമായി കേരളവുമാണ് തൊട്ടുപിന്നിലുള്ളത്. സൈബർ അടിമകളെ ഉപയോഗിച്ച് ഇന്ത്യയിൽനിന്ന് മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ 500 കോടി രൂപയെങ്കിലും തട്ടിപ്പുകാർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. തട്ടിപ്പ് പതിവായതോടെ സൈബർ അടിമത്തത്തിന് ഇരയാകാൻ സാധ്യതയുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

The number of Indians falling victim to cyber fraud is increasing