കളളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് 26കാരിയെ വ്യാജ ഡിജിറ്റല്‍ അറസ്റ്റിന് ഇരയാക്കി തട്ടിപ്പുസംഘം. മുംബൈയില്‍ നവംബര്‍ 19നാണ് സംഭവം നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത സംഘം നഗ്നയാക്കി 1.7 ലക്ഷം രൂപയും തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്.
തട്ടിപ്പുസംഘം തങ്ങള്‍ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു യുവതിയെ കബളിപ്പിച്ചത്. നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും ലഭിച്ചെന്ന് പറഞ്ഞായിരുന്നു സംഘം യുവതിയെ തട്ടിപ്പിനിരയാക്കിയത്. കേസിന്‍റെ പേരും പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ സംഘം സംഭാഷണം വിഡിയോ കോളിലേക്ക് മാറ്റുകയും യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി അറിയിക്കുകയും ചെയ്തു.
തുടര്‍ന്നുളള ചോദ്യം ചെയ്യലിനായി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. തട്ടിപ്പുകാരുടെ ആവശ്യപ്രകാരം ഒരു ഹോട്ടലിൽ മുറിയെടുത്ത് യുവതി ചെക്ക് ഇൻ ചെയ്തപ്പോൾ പണം ട്രാന്‍ഫര്‍ ചെയ്യണമെന്നായി സംഘം. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്ന് സംഘം അറിയിച്ചതോടെ 1,78,000 രൂപ യുവതി ട്രാൻസ്ഫർ ചെയ്തു. ഇതിനുപിന്നാലെ ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്ന് സംഘം യുവതിയെ അറിയിച്ചു. അതിന്‍റെ ഭാഗമായി വിഡിയോ കോളിലൂടെ യുവതിയെ നഗ്നയാക്കി നിര്‍ത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീടാണ് യുവതിക്ക് താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായത്. ഇതോടെ നവംബർ 28ന് യുവതി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. അതേസമയം പ്രമുഖ വ്യവസായിയും വർധമാൻ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പോൾ ഓസ്‌വാളിൽ നിന്ന് 7 കോടി രൂപ തട്ടിയെടുക്കാൻ നേരത്തെ നരേഷ് ഗോയലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടന്നിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.