ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരെ പൊലീസിന്റെ ബോധവൽക്കരണം തകൃതിയായി തുടരുമ്പോഴും തട്ടിപ്പിനിരയാകുന്നവർ നിരവധിയാണ്. വൈക്കം ചെമ്മനത്തുകര സ്വദേശിയിൽ നിന്ന് സമാന ഭീഷണിയിലൂടെ തട്ടിപ്പുകാർ കൈക്കലാക്കിയത് 31 ലക്ഷം രൂപയാണ്. ചെമ്മനത്തുകര സ്വദേശിയായ 55 വയസ്സുകാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴി മൂന്ന് കോടിയുടെ അനധികൃത പണമിടപാട് നടത്തിയതിന് സുപ്രീകോടതിയിൽ കേസുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വൈക്കം സ്വദേശിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തത്. ഉച്ചതിരിഞ്ഞാണ് കർണാടകയിൽ നിന്ന് ചെമ്മനത്തുകര സ്വദേശിയുടെ ഫോണിലേക്ക് തുടർച്ചയായ കോളുകൾ വന്നത്. സാധാരണ സിബിഐ സംഘം എന്ന് പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാർ ഇത്തവണ സുപ്രീംകോടതി ഉത്തരവ് എന്ന് തെറ്റിദ്ധരിപ്പിച്ച് ചില രേഖകൾ കൈമാറിയായിരുന്നു ചെമ്മനത്തുകര സ്വദേശിയെ വിശ്വസിപ്പിച്ചത്. പിന്നാലെ പരാതിക്കാരൻ സ്വകാര്യ ബാങ്കിന്റെ വൈക്കത്തെ ബ്രാഞ്ചിൽ നിന്ന് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി.
ആദ്യം 30 ലക്ഷവും പിന്നീട് രണ്ട് അക്കൗണ്ടുകളിലേക്കായി ഒരു ലക്ഷവും. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവർ പുറത്ത് പറയാതാവുന്നതോടെ തട്ടിപ്പ് വ്യാപകമാകുന്നതായി പൊലീസ് പറയുന്നു. ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത കർണാടക സ്വദേശികളെ പ്രതിയാക്കിയാണ് വൈക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.