ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എട്ടരലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ സംഘത്തെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. ഇലക്ട്രിക് സ്കൂട്ടര്‍ ബുക് ചെയ്യാന്‍ ലിങ്ക് അയച്ചു കൊടുത്തായിരുന്നു ഒരു തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന സന്ദേശം അയച്ചായിരുന്നു മറ്റൊരു തട്ടിപ്പ്.
തൃശൂര്‍ പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ചായിരുന്നു ഇലക്ട്രിക് സ്കൂട്ടര്‍ ബുക് ചെയ്യാന്‍ വെബ്സൈറ്റ് ലിങ്ക് അയച്ചു കൊടുത്തത്. വലിയ ഓഫറായിരുന്നു നല്‍കിയത്. ഇതു വിശ്വസിച്ച ആള്‍ ലിങ്കില്‍ ക്ലിക് ചെയ്ത് ഒന്നരലക്ഷം രൂപയോളം അയച്ചു കൊടുത്തു. പിന്നീടാണ് തട്ടിപ്പാണെന്ന് തിരിച്ഛറിഞ്ഞത്. പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി സന്ദേശം ലഭിച്ചിരുന്നു. ഇതിനു മറുപടിയായി ഒ.ടി.പി ഉള്‍പ്പെടെ അയച്ചു കൊടുത്തു. ഏഴു ലക്ഷം രൂപയോളം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.
സംഭവത്തില്‍ സിറ്റി സൈബര്‍ ക്രൈം സെല്‍ കേസെടുത്ത് അന്വേഷിച്ചു. അങ്ങനെയാണ്, ബീഹാറില്‍ പോയി മൂന്നു പ്രതികളെ പിടികൂടിയത്. ബീഹാറുകാരായ സഞ്ജയ്കുമാര്‍, അഭിനവ് സിങ്, ജാര്‍ഖണ്ഡ് സ്വദേശി ദിനുകുമാര്‍ മണ്ഡല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.