പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ മിന്ത്രയുടെ ഒരു കോടിയിലേറെ രൂപ വ്യാജ റീഫണ്ട് ക്ലെയിമുകളിലൂടെ തട്ടിയെടുത്തതായി പരാതി. ജയ്പുര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച തട്ടിപ്പുസംഘമാണ് മാസങ്ങള്‍ കൊണ്ട് ഭീമന്‍ തുക കീശയിലാക്കിയത്. വിലയേറിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഒരു ഡസനോളം വാങ്ങുന്ന സംഘം പകുതി ഉല്‍പ്പന്നങ്ങളും ലഭിച്ചില്ലെന്നും വന്ന ഉല്‍പ്പന്നം വേറെയാണെന്നും, കേടുപാടുകള്‍ വന്നതാണെന്നുമടക്കമുള്ള വ്യാജ പരാതികള്‍ നല്‍കിയാണ് റീഫണ്ട് നേടിയിരുന്നത്. കമ്പനിയുടെ ഓഡിറ്റിങിനിടെയാണ് തട്ടിപ്പ് ചുരുളഴിഞ്ഞത്.
ഷൂസ്, വസ്ത്രങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വന്‍തുക വില വരുന്ന സാധനങ്ങളാണ് തട്ടിപ്പുസംഘം ഓണ്‍ലൈന്‍ വഴി വാങ്ങിക്കൂട്ടിയത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ പണമിടപാടോ അല്ലെങ്കില്‍ കാഷ് ഓണ്‍ ഡെലിവറിയോ ആണ് തട്ടിപ്പുകാര്‍ സ്വീകരിച്ചിരുന്ന പേയ്‌മെന്റ് മോഡ്. ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക്തന്നെ റീഫണ്ടിനുള്ള അവകാശം ഉന്നയിച്ച് പരാതി സമര്‍പ്പിക്കുമെന്ന് പൊലീസ് പറയുന്നു. ഓര്‍ഡര്‍ ചെയ്ത കളറല്ല ലഭിച്ചത്, പാകമല്ല, നാശമായ ഉല്‍പന്നമാണ് എന്നിങ്ങനെയുള്ള പരാതികള്‍ ഉയര്‍ത്തിയാണ് റീഫണ്ട് ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങളിലേറെയും ബെംഗളൂരുവിലെ ചായക്കടകള്‍, തയ്യല്‍ക്കടകള്‍, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സാധനങ്ങള്‍ എത്തിയിരിക്കുന്നത്. 5529 ഓര്‍ഡറുകളാണ് ഇങ്ങനെ ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി.
രാജ്യമെങ്ങും ഇത്തരത്തില്‍ നടന്ന തട്ടിപ്പ് വിതരണങ്ങളിലെ നഷ്ടം ചൂണ്ടിക്കാട്ടി പരാതി നല്‍കാനായിരുന്നു മിന്ത്രയുടെ ആദ്യത്തെ തീരുമാനം. എന്നാല്‍ ആദ്യം ബെംഗളൂരുവിലെ കേസുകള്‍ തീര്‍പ്പാക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യാപാരമാണ് ഓണ്‍ലൈന്‍ രംഗത്തേത്. കൂടുതല്‍ സൗകര്യപ്രദമാണെന്നത് കൊണ്ടുതന്നെ ആളുകള്‍ വലിയ അളവിലാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതും. അതിനെ തട്ടിപ്പിനുള്ള മറയാക്കി മാറ്റുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് പൊലീസും പറയുന്നു.