വസ്ത്രത്തില്‍ പ്രത്യേക അറകള്‍ തുന്നിച്ചേര്‍ത്ത് കുഴല്‍പ്പണം ഒളിപ്പിച്ച് കടത്തിയ പെരുമ്പാവൂര്‍ സ്വദേശി വാളയാറില്‍ അറസ്റ്റില്‍. ഇരുപത്തി നാല് ലക്ഷത്തിലധികം രൂപയുമായി താനാജി യശ്വന്ത് യാംഗറിനെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്. എറണാകുളത്തേക്ക് പതിവായി കുഴല്‍പ്പണം കടത്തിയിരുന്ന സംഘത്തിലെ കണ്ണിയെന്നാണ് എക്സൈസിന് ലഭിച്ച വിവരം. 

 

ഒന്നും രണ്ടും രൂപയല്ല താനാജി യശ്വന്ത് യാംഗര്‍ ഇങ്ങനെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരുന്നത്. ഇരുപത്തി നാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞൂറ് രൂപ. നെഞ്ചിലും, അരയിലും, കാലിലുമെല്ലാം അഞ്ഞൂറിന്റെ കെട്ടുകള്‍. പിടികൂടും മുന്‍പ് ഒന്നുമറിയില്ലെന്ന നിസംഗ ഭാവമായിരുന്നു യാംഗറിന്. തമിഴ്നാട്ടിലെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണ്. ആകെയുള്ള ഒരു ജോഡി വസ്ത്രം സൂക്ഷിക്കാനുള്ള ബാഗ് മാത്രമാണ് കൈയ്യിലുള്ളതെന്നും പലതവണ പറഞ്ഞു. വേഗത്തില്‍ കാര്യം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ബസില്‍ നിന്നും പുറത്തിറക്കി യാംഗറിനെ വിശദമായി പരിശോധിച്ചത്. പണത്തിന്റെ കണക്കുണ്ടോ എന്നതിനും മൗനം മാത്രമായിരുന്നു. അകത്ത് ഉപയോഗിക്കുന്ന വസ്ത്രത്തിന് ഇത്രയും പ്രത്യേകതകളുണ്ടോ എന്ന സംശയമായിരുന്നു ഒടുവില്‍ എക്സൈസിന്.  

 

ഇയാള്‍ പതിവായി എറണാകുളത്തേക്ക് കുഴല്‍പ്പണം കടത്തിയിരുന്നുവെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. സുരക്ഷിതമായി പണമെത്തിച്ചാല്‍ അയ്യായിരം രൂപയായിരുന്നു പാരിതോഷികം. ലക്ഷങ്ങള്‍ കടത്തുന്നതിന് ഇത്രയും ചെറിയ തുക കിട്ടിയാല്‍ മതിയോ എന്ന ചോദ്യത്തിന് ഒരുമാസത്തില്‍ കഴിയാവുന്നത്ര തവണ വാളയാര്‍ അതിര്‍ത്തി കടന്ന് പണവുമായി പോവാറുണ്ടെന്നായിരുന്നു മറുപടി. പിടികൂടിയ പണവും കൂടുതല്‍ അന്വേഷണത്തിനായി യാംഗറിനെയും വാളയാര്‍ പൊലീസിന് കൈമാറി. 

 

Walayar Tube Money Case