TOPICS COVERED

മണ്ണാർക്കാട് അരിയൂർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടും, അഴിമതിയും നടന്നുവെന്ന സഹകരണ വകുപ്പിന്‍റെ റിപ്പോർട്ടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം. നിക്ഷേപകരെ കബളിപ്പിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. സി.പി.എം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ബാങ്ക് പ്രസിഡന്‍റ്. 

254 വായ്പകളിലായി  1.68 കോടി രൂപ ഭരണ സമിതിയും സെക്രട്ടറിയും, 81 ലക്ഷം രൂപ ജീവനക്കാരും തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ തട്ടിപ്പാണ് ഭരണ സമിതിയും, ലീഗ് നേതൃത്വവും നടത്തിയിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. ബാങ്കിന്‍റെ മുൻ ഭരണസമിതിയുടെ കാലത്താണ് വ്യാപക തട്ടിപ്പുണ്ടായതെന്നും ഏത് വിധേനയും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും സമരക്കാർ.

സി.പി.എം ഇല്ലാക്കഥകൾ നിരത്തി നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്. ഒന്നര വർഷമായി ബാങ്കിനെതിരെ പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും  പ്രസിഡന്‍റ്.  70 കോടി രൂപ നിക്ഷേപവും, വായ്പാ തിരിച്ചടവായി 140 കോടി രൂപയും കിട്ടാനുണ്ടെന്നാണ് ബാങ്കിന്‍റെ വിശദീകരണം. സമരം ശക്തമാക്കുമെന്ന സി.പി.എം മുന്നറിയിപ്പും പ്രതിരോധം നിരത്താനുള്ള ലീഗ് ശ്രമങ്ങളും സി.പി.എം, മുസ്സിം ലീഗ് നേർക്കുനേർ പോരാട്ടമായി മാറുന്ന സ്ഥിതിയാണ്. 

ENGLISH SUMMARY:

CPM protests demanding a comprehensive investigation into the report of the Cooperative Department that there was irregularity and corruption in the Mannarkkad Ariyur Service Cooperative Bank