തൃശൂർ കാഞ്ഞാണി റൂട്ടിൽ ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി പൊലീസ് മർദിച്ചെന്ന് പരാതി. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ജീവനക്കാരനെ മർദിച്ചത്. ചെവിയിൽ നിന്ന് രക്തം വന്നതിനു പിന്നാലെ ബസ് ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർ ജിതിനാണ് പൊലീസ് മർദ്ദനമേറ്റത്. പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ബസ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുടെ മർദ്ദനം. ബസിനു വട്ടം വച്ച പൊലീസ് ഡ്രൈവർ എസ് ഐയുടെ സാന്നിധ്യത്തിൽ ജിതിന്റെ മുഖത്ത് ഒന്നിലധികം തവണ അടിക്കുകയായിരുന്നു. ബസ് കണ്ടക്ടറോട് എസ്ഐ സംസാരിക്കുന്നതിനിടെയായിരുന്നു പൊലീസ് ഡ്രൈവറുടെ മർദ്ദനം. ചെവിയിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ജിതിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം പോലും പറയാതെയായിരുന്നു പൊലീസ് മർദ്ദനമെന്ന് ഡ്രൈവർ ജിതിൻ.
പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് റൂട്ടിലെ ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തി. പരിശോധിക്കാമെന്ന അയ്യന്തോൾ സി ഐ യുടെ ഉറപ്പിൽ സമരം പിൻവലിച്ചു. പത്തു ദിവസത്തിനുള്ളിൽ പൊലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കിൽ വീണ്ടും പണിമുടക്കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
police officer attacked bus driver in thrissur