elephentivory

കോഴിക്കോട് വൻ ആനക്കൊമ്പ് വേട്ട. നഗരത്തിൽ 21 കിലോ ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ ആയി. ചെറുകുളം ഭാഗത്തെ വീട്ടിൽ ആനക്കൊമ്പ് വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വനം വകുപ്പു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വനം വിജിലൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചെറുകുളം സ്വദേശി ജിജീഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. ജിജീഷ് കുമാറിനെ കൂടാതെ താമരശ്ശേരി സ്വദേശി ദീപേഷ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് മുഹബിൻ, തിരുവണ്ണൂർ സ്വദേശി അബ്ദുസലീം എന്നിവരെ വീട്ടിൽനിന്ന് പിടികൂടി. മൂന്നു ബൈക്കുകളും ചെറുകുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനായ മലപ്പുറം സ്വദേശി മുഹമ്മദ് അനസിനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് കച്ചവടത്തിന്റെ ലാഭവിഹിതം നൽകാൻ എന്ന വ്യാജേന പൊലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. കേസിൽ കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർനടപടികൾക്കായി താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് കേസ് കൈമാറും.

kozhikode ivory smuggling