ആരാധക ആവേശം പരിധി വിട്ടതോടെ ബിഗ്ബോസ് തെലുങ്കു വിജയിയെ ജാമ്യമില്ലാ വകുപ്പുകള്‍‌ ചുമത്തി ജയിലില്‍ അടച്ചു. ചൊവ്വാഴ്ച രാത്രിയാണു ബിഗ്ബോസ് തെലുങ്കിന്റെ  വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ആരാധകൂട്ടം അഴിഞ്ഞാടിയത്. പൊലീസ് നിര്‍ദേശം അവഗണിച്ച് അക്രമത്തിലേക്കു നയിച്ച റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയതിനാണു വിജയി പല്ലവി പ്രശാന്തിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. 

 

പറഞ്ഞിട്ടു കാര്യമില്ല. അനുഭവിക്കാന്‍ യോഗമില്ല അത്രതന്നെ. മാസങ്ങള്‍ ഹൗസില്‍ കിടന്നു പോരാടി ടൈറ്റില്‍ വിന്നര്‍ പട്ടം നേടിയെങ്കിലും തൊട്ടടുത്ത ദിവസം ചഞ്ചഗുഡ സെന്‍ട്രല്‍ ജയിലില്‍ അന്തിയുറങ്ങേണ്ട അവസ്ഥയിലാണു തെലുങ്ക് ബിഗ് ബോസ് വിജയി പല്ലവിപ്രശാന്ത്. ചൊവ്വാഴ്ചയായിരുന്നു വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങ്. ഇക്കാര്യം അറിഞ്ഞു പരിപാടി നടക്കുന്ന ഹൈദരബാദ് ജൂബിലി ഹില്‍സിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലേക്കു വൈകീട്ടോടെ തന്നെ ആരാധക ഒഴുക്കു തുടങ്ങിയിരുന്നു. പല്ലവി പ്രശാന്താണ് വിജയി എന്നറിഞ്ഞതോടെ ആള്‍കൂട്ടം ഇളകി, അതിവേഗം അക്രമത്തിലേക്കു നീങ്ങി. സഹ മത്സാര്‍ഥികളുടെതും പൊലീസിന്റെയും വാഹനങ്ങളുമടക്കം കണ്ണില്‍കണ്ടെതെല്ലാം തകര്‍ത്തു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ചു പ്രശാന്ത് ആരാധകൂട്ടത്തിലേക്കിറങ്ങിയതോടെ എല്ലാം കൈവിട്ടു. 

 

വീട്ടിലെത്തി വിശ്രമിക്കുന്നതിനു മുന്‍പെ പൊലീസുമെത്തി. പല്ലവി പ്രശാന്തിനെയും സഹോദരന്‍ മഹാവീറിനെയും അറസ്റ്റ് ചെയ്തു.പൊതുമുതല്‍ നശിപ്പിക്കല്‍,കലാപമുണ്ടാക്കല്‍, പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതാണു കേസ്. കര്‍ഷകനായ പ്രശാന്ത് തന്റെ അതിജീവിത കഥ പറഞ്ഞാണു ആരാധകരെ േനടിയതും ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തേക്ക് എത്തിയതും.