love-murder

പ്രതീകാത്മക ചിത്രം

കാമുകിയുടെ വീട്ടിലെത്തിയ പതിനെട്ടുകാരനെ സഹോദരനും അച്ഛനും ചേര്‍ന്ന് അതിക്രൂരമായി കൊലചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. നാല്‍പത്തിയഞ്ചുകാരനായ അച്ഛനും ഇരുപത്തിനാലുകാരനായ മകനും പൊലീസ് കസ്റ്റഡിയിലായി. 

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തൊട്ടുപിന്നാലെ സഹോദരന്‍ വീട്ടിലേക്ക് തിരിച്ചെത്തി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും സഹോദരി തുറക്കാതായതോടെ ബലംപ്രയോഗിച്ച് സഹോദരന്‍ വാതില്‍ തുറന്ന് അകത്തുകയറി. 

വീടിനുള്ളില്‍ സഹോദരിയുടെ കാമുകനെ കണ്ട യുവാവ് ഇയാളെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നാലെ അച്ഛനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. അച്ഛനും മകനും ചേര്‍ന്ന് അരിവാളും മണ്‍വെട്ടിയും കൊണ്ട് പതിനെട്ടുകാരനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.  

പെണ്‍കുട്ടിയുടെ വീടിനു സമീപത്തു തന്നെയാണ് യുവാവിന്‍റെയും വീട്. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.