വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നാലര കോടിയോളം രൂപ തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസാണ് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്
ഒരു വർഷം മുൻപ് തൊടുപുഴയിൽ തുടങ്ങിയ കൊളംമ്പസ് ഏജൻസിസെന്ന സ്ഥാപനത്തിന്റെ മറവിൽ യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് ജോബി തട്ടിപ്പ് നടത്തിയത്. ഇരുന്നൂറോളം പേരിൽ നിന്നായി മൂന്ന് ലക്ഷം രൂപ മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ കൈക്കലാക്കി. തൃശൂർ , എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ നിന്നായി 36 പരാതികളാണ് ജോബിക്കെതിരെ പൊലീസിന് ലഭിച്ചത്
മാർച്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജാമ്യം എടുത്ത ശേഷം ഒളിവിൽ പോയ പ്രതിയെ ഉത്തർപ്രദേശ് നേപ്പാൾ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയാൻ മറ്റാരെങ്കിലും ജോബിയെ സഹായിച്ചോ എന്നും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.