ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതകത്തിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായ അഞ്ച് പ്രതികളെയാണ് തമിഴ്നാട്ടിലെ പഴനിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു മുതൽ ആറുവരെ പ്രതികളുടെ ജാമ്യം ആണ് ഹൈക്കോടതി റദാക്കിയത്. ഇതേ തുടർന്ന് പ്രതികളായ വിഷ്ണു , അഭിമന്യു , സാനന്ദ്, അതുൽ, ധനീഷ് എന്നിവർ ഒളിവിൽ പോയി. ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. തമിഴ്നാട്ടിലെ പഴനിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
കീഴടങ്ങാത്ത ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജാമ്യക്കാർക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു. ഷാൻ വധകേസ് ഇനി ചൊവ്വാഴ്ച കോടതി പരിഗണിക്കുമ്പോൾ അറസ്റ്റിലായവരെ ഹാജരാക്കും. ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഷാൻ കേസിലെ ഒന്നാം പ്രതി അടക്കമുള്ള രണ്ടു പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 ഡിസംബർ 18 ന് രാത്രിയാണ് കെ.എസ് ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ച് ആര്‍എസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കേസിൽ 11 പ്രതികളാണ് ആകെയുള്ളത്. ഈ പ്രതികളെല്ലാം ജാമ്യത്തിലായിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കഴിഞ്ഞമാസം പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഷാൻ വധിക്കപ്പട്ട് മണിക്കൂറുകൾ ഡിസംബർ 19 ന് രാവിലെ ബിജെപി ഒബിസി മോർച്ച നേതാവ് അഡ്വ. രൺജിത് ശ്രിനിവാസനും കൊല്ലപ്പെട്ടു. ഈ കേസിലെ 15 പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു.