TOPICS COVERED

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് മലയം സ്വദേശി അമ്പിളി ഒറ്റക്കായിരിക്കില്ലെന്ന നിഗമനത്തിൽ പൊലീസ്.  എന്നാൽ കൊലക്കുറ്റം സമ്മതിച്ച അമ്പിളി കാരണമായി പറയുന്നത് വിചിത്ര മൊഴിയാണ്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊലനടത്തിയതെന്നാണ് മൊഴി. കടബാധ്യത മൂലം ജീവിതം പ്രതിസന്ധിയിലായ ദീപു , കുടുംബത്തിന് ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴി നല്‍കിയത്.

എന്നാൽ ഇത് അന്വേഷണം വഴി തെറ്റിക്കാനായുള്ള നീക്കമെന്നാണ് പൊലിസ് കരുതുന്നത്. അതിനാൽ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. മറ്റൊരാളേക്കുറിച്ച് കൂടി സൂചന ലഭിച്ചതായും വിവരമുണ്ട്. ഇതിനിടെ അമ്പിളിയുടെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് അമ്പിളിയെ കോടതിയിൽ ഹാജരാക്കും. അതിന് മുൻപ് കേസിൽ വ്യക്തത വരുമെന്നാണ് തമിഴ്നാട് പൊലീസിന്റെ പ്രതീക്ഷ

ദീപു എന്തിനാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രയില്‍ അമ്പിളിയെ ഒപ്പം കൂട്ടിയത് എന്ന സംശയമാണ് പൊലീസിനുള്ളത്. ദീപുവിന്റെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ കാറില്‍നിന്ന് ഇറങ്ങി പോകുന്ന ആള്‍ മുടന്തിയാണ് നടന്നിരുന്നത്. ഇതും സംശയത്തിന് ഇടയാക്കി. ദീപുവിന്റെ കൊലയ്ക്കു പിന്നില്‍ മറ്റേതെങ്കിലും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് മലയിന്‍കീഴിലെ വീട്ടില്‍നിന്ന് ദീപു സ്വന്തം കാറില്‍ പണവുമായി പോയത്. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് കാറില്‍ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ദീപു കൊല്ലപ്പെട്ടു. കളിയിക്കാവിള പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ENGLISH SUMMARY:

Man found with throat slit inside car near Thiruvananthapuram; Rs 10 lakh missing