image : X

image : X

മുംബൈയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമില്‍ കണ്ടെത്തിയ മനുഷ്യവിരലിന്‍റെ ഭാഗം ഐസ്ക്രീം ഫാക്ടറി ജീവനക്കാരന്‍റേതെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ സാംപിള്‍ പരിശോധനയിലാണ് കണ്ടെത്തല്‍. മെഷീനില്‍ കുരുങ്ങിയാണ് കൈവിരലിന്‍റെ ഭാഗം അറ്റുപോയതെന്ന് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.

 

യമ്മോ ഐസ്ക്രീമില്‍ കണ്ട കൈവിരലിന്‍റെ ഭാഗം ആരുടേതാണെന്ന അന്വേഷണം ഒടുവില്‍ എത്തിനിന്നത് പുണെ ഇന്ദാപൂരിലെ ഫോര്‍ച്യൂണ്‍ ഫാക്ടറിയിലാണ്. ജോലിക്കിടെ ഇവിടെ  ഓംകാർ പോട്ടെ എന്ന ജീവനക്കാരന് വിരലിന് പരുക്കേറ്റിരുന്നു. വിരലിന്‍റെ ഭാഗം ഇയാളുടേതു തന്നെയാണെന്ന് പൊലീസ് ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. എന്നാൽ, ഫാക്ടറി ഉടമകൾ അതു നിഷേധിച്ചതോടെയാണ് സംപിളുകള്‍ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നു. മെഷീനില്‍ കുരുങ്ങിയാണ് തന്‍റെ കൈവിരലിന്‍റെ ഭാഗം അറ്റുപോയതെന്ന് ഇയാള്‍ പൊലീസിനോടും സമ്മതിച്ചു. 

എന്നാല്‍ ഇത് ഐസ്ക്രീം പാക്കറ്റില്‍ പെട്ടുപോകുമെന്ന് കരുതിയില്ലെന്നാണ് മൊഴി. ഏതായാലും രക്തസാംപിള്‍ പരിശോധനയില്‍ ഇയാള്‍ക്ക് ഗുരുതര രോഗങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷയിലുണ്ടായ ഗുരുതര പിഴവിന് യമ്മോ കമ്പനിക്കെതിരെ കേസെടുത്ത പൊലീസ് ഇവരുടെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. ഫോര്‍ച്യൂണ്‍ കമ്പനിയാണ് യമ്മോയ്ക്ക് വേണ്ടി ഐസ്ക്രീം നിര്‍മിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ്, മലാഡ് സ്വദേശി ഡോ. ബ്രൻഡൻ ഫെറാവോ ഓണ്‍ലൈനായി വരുത്തിയ കോൺ ഐസ്ക്രീമിലാണ് വിരലിന്‍റെ ഭാഗം കണ്ടെത്തിയത്. 

ENGLISH SUMMARY:

Finger found in ice cream cone belongs to factory staff