kunnikode-police-arrested-f

കൊല്ലം പട്ടാഴിയിൽ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് തടഞ്ഞ നാലു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചെന്നാരോപിച്ചാണ് കഴിഞ്ഞരാത്രിയില്‍ ആളുകള്‍ പൊലീസ് വാഹനം വളഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെയും പൊലീസിന് നേരെ മോശം പ്രചാരണം നടത്തിയിരുന്നു.

 

കുന്നിക്കോട് സ്റ്റേഷനിലെ എ.എസ്.ഐ. ഓമനക്കുട്ടൻപിള്ള നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പട്ടാഴി പനയനം ബിആർ വില്ലയിൽ ബിനു, ഹലാൽ മൻസിലിൽ സുബൈർ, പനയനം രാജേഷ് ഭവനിൽ രാജേഷ്, ഏറത്ത് വടക്ക് ആര്യ ഭവനിൽ ഗോപാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴം രാത്രി എട്ടരയോടെ പട്ടാഴി ചന്തയുടെ സമീപത്ത് എ.എസ്.ഐ. ഓമനക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തി. മദ്യപിച്ച് വാഹനമോടിച്ച ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് ഒരുകൂട്ടം ആളുകൾ പൊലീസ് വാഹനം വളഞ്ഞത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഓമനക്കുട്ടൻ പിള്ള മദ്യപിച്ചാണ് ജോലി ചെയ്തതെന്നാരോപിച്ച് തര്‍ക്കമായി. പൊലീസുകാരെ തടഞ്ഞുവച്ച് ബഹളം.

വിവരം അറിഞ്ഞ് കുന്നിക്കോട് ഇന്‍സ്പെക്ടര്‍ എസ്.എസ്. സജി സ്ഥലത്തെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയത്. വൈദ്യപരിശോധനയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരും മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി പൊലീസ് ഉദ്യോഗസ്ഥനെ ആക്ഷേപിക്കുന്ന രീതിയില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പ്രകാരം കുറ്റക്കാരായ മറ്റുളളവരെയും ഉടന്‍പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Kunnikode police arrested four people who were stopped by a group of police officers in Kollam Pattazhi