vandana-das

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ സെപ്റ്റംബര്‍ രണ്ടിന് സാക്ഷിവിസ്താരം തുടങ്ങും. കേസിലെ പ്രതിയായ ജി സന്ദീപിനെ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. കോടതി നടപടികള്‍ നീട്ടി വയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസ് തടസങ്ങളെല്ലാം നീങ്ങി വിചാരണയിലേക്ക് കടക്കുകയാണ്. കേസിലെ പ്രതിയായ കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. ഡോക്ടര്‍ വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കേസിലെ രണ്ടു മുതൽ അഞ്ചു വരെയുളള സാക്ഷികളെ പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമവും ഉണ്ട്. സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ അക്രമിക്കുക, തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങളും സന്ദീപിനെതിരെയുണ്ട്. ‌കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പ്രതിയോട് കോടതി ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി

കേസില്‍ നിന്നൊഴിവാക്കണമെന്ന വിടുതൽ ഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് മാറ്റി വെക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതില്‍ തടസമില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിൽ സെപ്റ്റംബർ രണ്ടു മുതൽ സാക്ഷി വിസ്താരം തുടങ്ങുമെന്ന് കോടതി അറിയിച്ചു. സാക്ഷിവിസ്താരം ക്രമീകരിക്കുന്നതിനായി കേസ് ഇൗമാസം ഇരുപത്തിനാലിന് വീണ്ടും പരിഗണിക്കും. 

അധ്യാപകനായിരുന്ന കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപ് കഴിഞ്ഞവര്‍ഷം മേയ് 10 ന് പുലര്‍ച്ചെയാണ് ഡോക്ടര്‍ വന്ദനാദാസിനെ കത്രിക കൊണ്ട് കുത്തിക്കൊന്നത്. കഴിഞ്ഞവര്‍ഷം ഒാഗസ്റ്റിലാണ് കൊട്ടാരക്കര കോടതിയില്‍ റൂറല്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 136 സാക്ഷികളാണുളളത്. സന്ദീപിന്റെ വസ്ത്രങ്ങളില്‍ കാണപ്പെട്ട രക്തം ഡോക്ടര്‍ വന്ദനയുടേതാണെന്ന് സ്ഥിരീകരിച്ച ശാസ്ത്രീയപരിശോധനഫലവും കേസില്‍ പ്രധാനമാണ്. നിരീക്ഷണക്യാമറദൃശ്യങ്ങളും,  പൊലീസുകാരുടെയും താലൂക്ക് ആശുപത്രി ജീവനക്കാരുടെയും ദൃക്സാക്ഷി മൊഴികളും കേസിനെ ബലപ്പെടുത്തുന്നു. സന്ദീപിന്റെ ശാരീരിക മാനസികാവസ്ഥ പരിശോധിച്ച മെഡിക്കല്‍ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പ്രധാനമാണ്.