khalusha

TOPICS COVERED

42 സ്ത്രീകളെ കൊന്ന് ചാക്കുകെട്ടുകളിലാക്കി ആക്രിക്കൂട്ടത്തിലേക്ക് തള്ളിയ പ്രതി ഒടുവില്‍ പിടിയില്‍. ജനനേന്ദ്രിയങ്ങളിലടക്കം മാരകമായ മുറിവാണ് കൊല്ലപ്പെട്ട സ്ത്രീകളില്‍ കണ്ടെത്തിയിരിക്കുന്നത്. കോളിന്‍സ് ജുമൈസി ഖലുഷ എന്ന മുപ്പത്തിമൂന്നുകാരനാണ് അതിക്രൂരമായി തന്‍റെ ഭാര്യയടക്കം ഇത്രയധികം യുവതികളെ കൊന്നുതള്ളിയത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലാത്തയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. രാജ്യത്ത് സ്ത്രീകള്‍‌‌ക്കെ‌തിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതും ചൂണ്ടിക്കാട്ടി ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വന്‍ പ്രതിഷേധവും ഉടലെടുത്തു കഴിഞ്ഞു. ഒരു ക്വാറിയില്‍ ചാക്കുകെട്ടുകളില്‍ ഉപേക്ഷിച്ച നിലയില്‍ ഒന്‍പത് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മുകുറു എന്ന ചേരിപ്രദേശത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനു സമീപത്തുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.

അന്വേഷണത്തിന്‍റെ ഭാഗമായി ഖലുഷയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. ലൈംഗികമായി പീഡിപ്പിച്ച്, അതിക്രൂരമായാണ് ഭാര്യയെ ഉള്‍പ്പെടെ കൊന്നതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 2022 മുതലാണ് ഇയാള്‍ കൊല നടത്തിയിട്ടുള്ളത്. ചാക്കുകെട്ടുകളും ഗ്ലൗസുകളും സെല്ലോടേപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതായിരുന്നു ഇയാളുടെ താമസസ്ഥലം. ഇവിടെ നിന്ന് മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. 

കൊല്ലപ്പെട്ടവരില്‍ ജോസഫൈന്‍ ഒവിനോ എന്ന ഇരുപത്തിയാറുകാരിയുമുണ്ടായിരുന്നു. ഒരു ദിവസം രാവിലെ വന്ന ഫോണ്‍ കോളിനു പിന്നാലെ ഇവരെ കാണാതായി. ഇതോടെ ഒവിനോയെ തിരക്കിയിറങ്ങിയ സഹോദരി പെരിസ് കെയയിലൂടെയാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര നാടറിഞ്ഞത്. ആക്രി കൂട്ടിയിട്ടിരുന്നയിടത്ത് എത്തിയ കെയ സമീപവാസികളുടെ സഹായത്തോടെ സഹോദരിയെ തിരഞ്ഞു. ഇതിനിടെയാണ് ചാക്കുകെട്ടുകളില്‍ നിന്ന് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഫോറന്‍സിക് പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചാക്കുകെട്ടുകളില്‍ വികൃതമാക്കിയ രൂപത്തിലായിരുന്നു മൃതദേഹങ്ങള്‍. കൈകാലുകള്‍ വെട്ടിനുറുക്കിയും തലയറുത്ത് മാറ്റിയും ലിംഗഭാഗം പൂര്‍ണമായും തകര്‍ത്ത നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോഹാന്‍സണ്‍ ഓഡര്‍ വെളിപ്പെടുത്തി. മാരകമായ പരുക്കുകളില്ലാതെ ഒരു മൃതദേഹം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ഡി.എന്‍.എ പരിശോധനയില്‍ രണ്ട് പേരെ തിരിച്ചറിയാനായി. മൃതദേഹങ്ങള്‍ അഴുകിയും വികൃതമാക്കിയ നിലയിലുമായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം യുവതികളെ കാണാതായ പരാതികള്‍ ലഭിച്ചില്ലേ?, എന്നിട്ടും പൊലീസ് എന്തെടുക്കുകയായിരുന്നു എന്ന വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നതിന് സമീപത്താണ് പൊലീസ് സ്റ്റേഷന്‍. എന്നിട്ടും ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് അറിയാന്‍ വൈകിയത് എന്തുകൊണ്ടാണെന്നാണ് ഉയരുന്നു പ്രധാന ചോദ്യം.

നികുതി വര്‍ധന, സര്‍ക്കാര്‍ അഴിമതി തുടങ്ങിയവയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ കെനിയയില്‍ നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് കേസിനു പിന്നിലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ പക്ഷം. പൊലീസ് കുറ്റം കെട്ടിച്ചമച്ച് ഇയാളെ ഇരയാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.