bus-snakeN

TOPICS COVERED

യാത്രക്കാരെ കയറ്റാതെ കുതിച്ച ബസിലെ ജീവനക്കാരെ വിഷപാമ്പിനെകൊണ്ട് ആക്രമിച്ചു പാമ്പാട്ടി. ഹൈദരാബാദ് നഗരത്തിലാണ് വനിതാ പാമ്പാട്ടി തര്‍ക്കത്തിനൊടുവില്‍ ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ വിഷപാമ്പിനെ വലിച്ചെറിഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അറസ്റ്റിലായ പാമ്പാട്ടി ഒടുവില്‍ ജാമ്യം കിട്ടാതെ ജയിലിലായി.

 

പാമ്പ്  മകിടി ഊതി കളിപ്പിക്കാനുള്ളതു മാത്രമല്ല നല്ല ഒന്നാന്തരം ആയുധം കൂടിയാണു പാമ്പാട്ടിക്കെന്നു ഹൈദരാബാദിലെ ആര്‍.ടി.സി ബസിലെ ജീവനക്കാര്‍ക്കു ശരിക്കും ബോധ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. നഗരത്തില്‍ നിന്ന് ദില്‍ശുഖ് നഗറിലേക്കു പോകുകയായിരുന്ന ബസിന് വിദ്യാനഗര്‍ എന്‍.എസി.സി. റോഡില്‍ വച്ചു യുവതി കൈ കാണിച്ചതോടെയാണു തുടക്കം. വളവു തിരിയുകയായിരുന്ന ബസ് നിര്‍ത്താതെ ഡ്രൈവര്‍ മുന്നോട്ടുപോയി. പ്രകോപിതായായ യുവതി കയ്യിലിരുന്ന ബിയര്‍ ബോട്ടില്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞാണു പ്രകടനം തുടങ്ങിയത്. ഏറുകൊണ്ടുതോടെ ബസിന്റെ സൈഡ് ഗ്ലാസ് വലിയ ശബ്ദത്തോടെ പൊട്ടിതാഴെ വീണു. ഇതോടെ വനിതാ കണ്ടക്ടര്‍ സ്വപ്ന ബസില്‍ നിന്നു ചാടിയിറങ്ങി. ഒപ്പം അക്രമിയെ പിടികൂടാനായി യാത്രക്കാരും കൂടി. യുവതിയും കണ്ടക്ടറും യാത്രക്കാരും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കവുമുണ്ടായി

ഒടുവില്‍ യുവതി പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു. ബാഗില്‍ നിന്നു വിഷപാമ്പിനെയെടുത്ത് കണ്ടക്ടര്‍ക്കു േനരെയെറിഞ്ഞു. ഒഴിഞ്ഞുമാറിയതിനാല്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതോടെ യാത്രക്കാര്‍ യുവതിയെ തടഞ്ഞുവച്ചു പൊലീനു കൈമാറി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പമ്പാട്ടിയായ നല്ലഗുണ്ട സ്വദേശി ജി.ത്യാഗമ്മയാണു യുവതിയെന്നു തിരിച്ചറിഞ്ഞത്. ഇവരുടെ ബാഗില്‍ നിന്ന് മൂന്നു വിഷപാമ്പുകളെയും കണ്ടെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും കേസെടുത്ത വിദ്യാനഗര്‍ പൊലീസ് ത്യാഗമ്മയെ അറസ്റ്റ് ചെയ്തു

ENGLISH SUMMARY:

Hyderabad Woman Throws Snake At Bus Driver, Smashes Vehicle's Mirror With Bottle