Image:AFP

TOPICS COVERED

ഭക്ഷണം കഴിക്കാന്‍ കയറിയ റസ്റ്റൊറന്‍റിന്‍റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി യുവതി. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ആനന്ദം റസ്റ്റൊറന്‍റിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സ്ത്രീകളുടെ ശുചിമുറിയില്‍ ക്യാമറ ഒളിപ്പിച്ച് വച്ചിരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ചിത്രം പകര്‍ത്തിയ യുവതി വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണത്തില്‍ ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായ വിനോദ് കുമാറെന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണില്‍ നിരവധിപ്പേരുടെ ചിത്രങ്ങളും വിഡിയോകളുമുണ്ടായിരുന്നുവെന്നും ഇത് നശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. 

ക്യാമറ യുവതി കണ്ടത്തിയതിന് പിന്നാലെ ഹോട്ടലിന്‍റെ മാനേജറെ വിവരമറിയിച്ചു. പരിശോധനയ്ക്കെത്തിയപ്പോള്‍ ക്യാമറ ശുചിമുറിയില്‍ ഇല്ലായിരുന്നു. രണ്ട് പുരുഷന്‍മാര്‍ ശുചിമുറിയിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുമാറിന്‍റെ ഫോണിലെ ഗാലറിയിലെ ചിത്രങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. 

ബെംഗളൂരുവിലെ പ്രശസ്തമായ തേഡ് വേവ് കോഫി കഫെയിലെ ഡസ്റ്റ്ബിനില്‍ വിഡിയോ റെക്കോര്‍ഡിങ് ഓണ്‍ ആക്കി വച്ച നിലയില്‍ ഒളിക്യാമറ വച്ചത് യുവതി കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവം. ഡസ്റ്റ്ബിനിന്‍റെ ഉള്ളിലായിരുന്നു രഹസ്യമായി ഇത് ഒളിപ്പിച്ചിരുന്നത്. കോഫി ഷോപ്പിലെ ടോയ്​ലറ്റ് സീറ്റിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു ക്യാമറ വച്ചിരുന്നതെന്നും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഇതിലുണ്ടായിരുന്നുവെന്നും യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡസ്റ്റ്ബിനിലൊരു ദ്വാരം മാത്രമാണ് പുറത്തേക്ക് ദൃശ്യമായിരുന്നത്. കഫെയിലെ ജീവനക്കാരിലൊരാളുടെ ഫോണായിരിന്നു ഉള്ളില്‍ സൂക്ഷിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തി. എത്ര പേരുകേട്ട സ്ഥലമാണെങ്കിലും ശുചിമുറികളും കിടപ്പുമുറികളും ഉപയോഗിക്കുന്നതിന് മുന്‍പ് പരിശോധിക്കണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Woman found hidden camera inside restaurant's washroom, cleaning staff arrested.