barbribe

TOPICS COVERED

പാലക്കാട് ആലത്തൂരില്‍ പട്ടയവിതരണത്തിനുള്ള ഹിയറിങിനിടെ ലാന്‍ഡ് ട്രിബ്യൂണല്‍ സ്പെഷല്‍ തഹസില്‍ദാരുടെ വാഹനത്തില്‍ നിന്നും നാല്‍പ്പത്തി ഒന്‍പതിനായിരം രൂപയുടെ കൈക്കൂലിപ്പണം വിജിലന്‍സ് പിടികൂടി. വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്ന് ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്നും പണം പിരിക്കുന്നതിനും തെളിവ് ലഭിച്ചു. ഓഫിസില്‍ മാത്രം സൂക്ഷിക്കേണ്ട വിവിധ ഫയലുകളും പ‌ട്ടയം അനുവദിച്ചതിന്റെ സാക്ഷ്യപത്രവും ഇടനിലക്കാരില്‍ നിന്നും പാലക്കാട് വിജിലന്‍സ് സംഘം കണ്ട‌െടുത്തു. 

 

ഒരുതുണ്ട് ഭൂമിക്കായി സാധാരണക്കാരന്‍ നിരന്തരം സങ്കടം ബോധിപ്പിക്കാനെത്തുന്ന ഇടം. അപേക്ഷ ഫോമില്‍ തുടങ്ങി വേണ്ടതും വേണ്ടാത്തതുമായ നിരവധി രേഖകളുമായി എത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട് മടക്കി അയയ്ക്കുന്നത് പതിവ്. കൈമടക്ക് കൊടുത്താല്‍ കാര്യം സാധിക്കാമെന്ന വാഗ്ദാനവുമായി പുറത്ത് ഇടനിലക്കാരുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിക്കും കുറവുണ്ടായിരുന്നില്ല. ഏജന്റുമാര്‍ വാങ്ങിയ പണം ഉദ്യോഗസ്ഥന്റെ കാറില്‍ത്തന്നെ ഒളിപ്പിച്ചിരുന്നത് വിജിലന്‍സിന് കണ്ട‌െടുത്ത് തിട്ടപ്പെടുത്താന്‍ സഹായമായി. ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ‌ട്ടാമ്പി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് വ്യാപക തിരിമറി നടന്നത്. ലാന്‍ഡ് ട്രിബ്യൂണല്‍ സ്പെഷല്‍ തഹസില്‍ദാര്‍ എ.മുരളീധരനെ സഹായിക്കാനുണ്ടായിരുന്നത് വിരമിച്ച കുനിശ്ശേരി സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ പുഷ്പരാജിന്റെ നേതൃത്വത്തിലുള്ള ഏജന്റുമാര്‍. മാത്തൂര്‍ സ്വദേശി നൗഷാദ്, വ‌ടക്കഞ്ചേരി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്നിവരും പണം വാങ്ങി കാര്യം സാധിച്ച് കൊടുക്കുന്നതിന് മുന്‍നിരയിലുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന നിരവധി രേഖകളാണ് ഹിയറിങ് നടക്കുകയായിരുന്ന ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലും പരിസരത്തുമായി വിജിലന്‍സ് കണ്ടെ‌ടുത്തത്. ഓഫിസില്‍ മാത്രം സൂക്ഷിക്കേണ്ട രേഖകള്‍ ഇടനിലക്കാരുടെ കയ്യില്‍. ഒരു വര്‍ഷം മുന്‍പ് അനുമതിയായ പട്ടയത്തിനുള്ള ഓര്‍ഡര്‍ കോപ്പി ഉള്‍പ്പെടെ. ഒരേസമയം ഒറ്റപ്പാലത്തുള്ള പട്ടാമ്പി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലും ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലും പരിശോധന നടത്തിയതില്‍ എണ്ണൂറിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതായും തെളിഞ്ഞു. പാലക്കാട് വിജിലന്‍സ് ഇന്‍സ്പെക്ട‌ര്‍മാരായ ബിന്‍സ് ജോസഫ്, ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ENGLISH SUMMARY: