pocso

TOPICS COVERED

പാലക്കാട് നഗരത്തിലെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്സോ അതിജീവിതകള്‍ ഉള്‍പ്പെടെ മൂന്ന് പെൺകുട്ടികളെ കാണാതായതിൽ ഇന്‍സ്പെക്ട‌ര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം വിപുലമാക്കിയതായി ജില്ലാ പൊലീസ് മേധാവി. പെണ്‍കുട്ടികള്‍ നഗരം വിടാന്‍ സാധ്യതയില്ലെന്നും എത്താന്‍ സാധ്യതയുള്ള മുഴുവന്‍ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണം തുടരുകയാണെന്നും എസ്.പി ആര്‍.ആനന്ദ് പറഞ്ഞു.  ഇന്നലെ വൈകീട്ടാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മൂന്ന് പെണ്‍കുട്ടികളും രക്ഷപ്പെട്ടത്. 

 

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, തിരക്കേറിയ ഇടങ്ങള്‍ എന്നിവയ്ക്കൊപ്പം കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം. മൂന്ന് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. പതിനേഴ് വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇന്നലെ വൈകീട്ടോടെ മുറികളിൽ നിന്നും പുറത്ത് ചാടിയത്. കാണാതായ പെൺകുട്ടികളിൽ രണ്ട് പോക്സോ അതിജീവതകളുമുണ്ട്. കുറച്ച് നാളുകളായി ഇവർ നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നിർഭയ കേന്ദ്രം അധികൃതർ പറഞ്ഞു. ചന്ദ്രനഗറില്‍ താമസിക്കുമ്പോഴും ഇവര്‍ നിര്‍ഭയ കേന്ദ്രം വിട്ടിറിങ്ങിയിട്ടുണ്ട്. 

കാണാതായ പെൺകുട്ടികൾ വീടുകളിൽ എത്തിയിട്ടില്ല. ഇവരുടെ സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടികളുടെ കയ്യില്‍ അധികം പണമില്ലെന്നും മൊബൈല്‍ ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ച് പോയതാണ് കുട്ടികളെ വേഗത്തില്‍ കണ്ടെത്താനുള്ള പ്രതിസന്ധിയെന്നും അന്വേഷണസംഘം.

ENGLISH SUMMARY:

Three minor girls pocso survivor missing from Palakkad