ആലപ്പുഴ കായംകുളത്ത് വയോധികയെ പീഡിപ്പിച്ച് സ്വർണവും പണവും കവർന്നു. മുളകുപൊടി എറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം ആയിരുന്നു പീഡനവും മോഷണവും. പ്രതി മണിവേലിക്കടവ് സ്വദേശി ധനീഷിനെ ഏറെ നാടകീയ രംഗങ്ങൾ ഒടുവിൽ പൊലീസ് പിടികൂടി.
ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനീഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി വയോധിക അണിഞ്ഞതും വീട്ടിൽ ഉണ്ടായിരുന്നതുമായ ഏഴു പവൻ സ്വർണം കവർന്നു. തുടർന്ന് വയോധികയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി. പീഡന ശേഷം വീടിന്റെ മുൻവശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് പ്രതി കടന്ന് കളഞ്ഞത്. പുലർച്ചെ വീടിന്റെ ജനൽ വഴി നിലവിളി കേട്ട് നാട്ടുകാർ എത്തി പരിശോധന നടത്തിയപ്പോഴാണ് അവശയായി വയോധികയെ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വയോധികയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് അന്വേഷണത്തിൽ മണിവേലിക്കടവിന് സമീപമുള്ള ധനകാര്യസ്ഥാപനത്തിൽ സംശയാസ്പതമായി ഒരാൾ സ്വർണ്ണം വിൽക്കാൻ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് ഇയാളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ കണ്ടല്ലൂർ വില്ലേജിൽ കാട്ടുപുരയ്ക്കൽ വീട്ടിൽ ധനീഷ് ആണ് പിടിയിലായത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു പ്രതി. തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. നിരവധി കേസുകളിലും പ്രതിയാണ് ധനീഷ്.