spirit

TOPICS COVERED

തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ചിരുന്ന 2800 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. പാലക്കാട് എരുത്തേമ്പതിയിലെ സ്പിരിറ്റ് ഇടപാടിന് തോട്ടത്തിൻ്റെ മേൽനോട്ടക്കാരനായ കള്ളിയമ്പാം സ്വദേശി സെന്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ബെനാമി ഇടപാടുകാരനാണ് അതിർത്തി കേന്ദ്രീകരിച്ചുള്ള കലക്ക് കള്ളിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.

 

അതിർത്തി കേന്ദ്രീകരിച്ചുള്ള സ്പിരിറ്റൊഴുക്കിന് യാതൊരു കുറവുമില്ലെന്ന സൂചനയാണ് തെങ്ങിൻ തോപ്പിലെ സ്പിരിറ്റ് ശേഖരം പിടികൂടിയതിലൂടെ വ്യക്തമാവുന്നത്. എക്സൈസ് സംഘം നിരന്തരം പരിശോധിക്കുന്നുവെന്ന് അവകാശപ്പെടുന്ന തെങ്ങിൻ തോപ്പിലാണ് പൊലീസ് വൻ തോതിൽ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. 

എരുത്തേമ്പതി എല്ലപ്പെട്ടാൻകോവിലിനു സമീപത്തെ തെങ്ങിൻതോപ്പിൽ നിന്നാണ് 35 ലീറ്ററിൻ്റെ 80 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് പൊലീസ് പിടികൂടിയത്. തോട്ടത്തിൻ്റെ മേൽനോട്ടക്കാരനായ കള്ളിയമ്പാം സ്വദേശി എ സെന്തിൽ എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ മുതൽ പൊലീസ് സംഘം പ്രദേശം കേന്ദ്രീകരിച്ചു നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വൈകുന്നേരത്തോടെ സ്‌പിരിറ്റ് ശേഖരം പിടികൂടിയത്.

തോപ്പിലെ ഷെഡിൽ നിന്നും കള്ളിൽ കലർത്താനുപയോഗിക്കുന്ന വെള്ള പൊടിയും പേസ്‌റ്റ് രൂപത്തിലുള്ള രാസപദാർഥങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തോപ്പിന്റെ ലൈസിൻസിയെ രണ്ടാംപ്രതിയായും ഉടമയെ മൂന്നാം പ്രതിയായും കേസ് റജിസ്‌റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശിയായ ഷാപ്പ് ലൈസൻസിയാണ് കലക്ക് കള്ളിനായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. നേരത്തെയും ബെനാമി ഇടപാടിൽ ഇയാൾ നിരന്തരം ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന്  എക്സൈസ് സംഘത്തിൻ്റെ ഉന്നത അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കേരള , തമിഴ്നാട് അതിർത്തി വഴി സ്പിരിറ്റ് എത്തിക്കുന്നതിനും കടത്തിനുമുളള സൗകര്യമാണ് കള്ള് മാഫിയ മുതലെടുക്കുന്നതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

ENGLISH SUMMARY:

2800 liter spirit collection in coconut grove; Kalliambam native arrested