ഹരിയാനയിൽ വീണ്ടും ഗോ രക്ഷാസംഘത്തിന്റെ ആക്രമണം. ബീഫ് കഴിച്ചെന്നാരോപിച്ച് ബംഗാളിൽനിന്നുള്ള അതിഥിതൊഴിലാളിയെ മർദിച്ചുകൊന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ ചർഖി ദാദ്രിയിൽ ചൊവ്വാഴ്ചയാണ് ബംഗാൾ സ്വദേശിയായ 26കാരനായ സാബിർ മാലിഖ് ആൾക്കൂട്ടം മര്‍ദിച്ചുകൊന്നത്. ആക്രിക്കച്ചവടക്കാരനായിരുന്ന സാബിറിനെ ആക്രിസാധനങ്ങൾ വിൽക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു ആക്രമിച്ചത്. ആദ്യം ബസ് സ്റ്റാന്‍ഡിലിട്ടായിരുന്നു മര്‍ദനം. പിന്നീട് അവിടെനിന്നും കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലിട്ടും മര്‍ദിച്ചു. സാബിർ മാലിഖിക്കിന്‍റെ സുഹൃത്തായ അസം സ്വദേശി ഗുരുതരാവസ്ഥയിൽ ചികില്‍സയിലാണ്.
മര്‍ദന ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. മോഹിത്, രവീന്ദർ, കമൽജീത്, സാഹിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.