ജീവന്‍രക്ഷാ ദൗത്യത്തിനാണ് ഇറങ്ങിത്തിരിച്ചത്. പക്ഷേ ജീവനെടുക്കുന്ന സമീപനമായിപ്പോയി ആംബുലന്‍സ് ഡ്രൈവറുടേത്. ഉത്തര്‍ പ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയ സംഭവം. ആംബുലന്‍സ് ഡ്രൈവറുടെ അതിക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് നഗര്‍ സ്വദേശി പിന്നീട് മരണമടഞ്ഞു.
ഓഗസ്റ്റ് 28നാണ് സിദ്ധാര്‍ഥ് നഗര്‍ സ്വദേശിനിയായ യുവതി അത്യാസന്ന നിലയിലായിരുന്ന ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയില്‍ വലിയപുരോഗതിയൊന്നുമില്ലാതെ വന്നതോടെ സാമ്പത്തിക ശേഷിയില്ലാത്ത ഇവര്‍ ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ നമ്പരില്‍ വിളിച്ച് ആംബുലന്‍സ് വരുത്തുകയും ചെയ്തു. ഭര്‍ത്താവിന്‍റെ സഹോദരനും യുവതിക്കൊപ്പം ഉണ്ടായിരുന്നു
യാത്ര തുടങ്ങുന്നതിന് മുമ്പ് പൊലീസ് പരിശോധന ഒഴിവാക്കാന്‍ യുവതിയോട് മുന്‍സീറ്റിലിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. രോഗിക്കൊപ്പം ആംബുലന്‍സില്‍ സഹോദരനായിരുന്നായിരുന്നു ഉണ്ടായിരുന്നത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിക്ക് നേരെ അതിക്രമം തുടങ്ങി. ബഹളം വച്ചതോടെ വാഹനം മെയിന്‍ റോഡിന്‍റെ അരികില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഇറങ്ങി രോഗിയുടെ ഓക്സിജന്‍ മാസ്ക് അഴിച്ചുമാറ്റി. തുടര്‍ന്ന് രോഗിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തടയാനെത്തിയ സഹോദരനെ മര്‍ദിച്ച് ഡ്രൈവറുടെ കാബിനിലാക്കി പൂട്ടി. തുടര്‍ന്ന് യുവതിയെ ആംബുലന്‍സിന്‍റെ പിന്നിലേക്ക് വലിച്ചിഴച്ച് ഉപദ്രവിച്ച ശേഷം താലിമാലയടക്കമുള്ള ആഭരണങ്ങളും കൈവശമുണ്ടായിരുന്ന 10000 രൂപയും ആധാര്‍ കാര്‍ഡും കവര്‍ന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി 108 വിളിച്ച് സഹായം തേടുകയും മറ്റൊരു ആംബുലന്‍സ് വരുത്തി ഭര്‍ത്താവിനെ വീണ്ടും ആശുപത്രിയിലാക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ രോഗിയെ പിന്നീട് ഘൊരഘ്പുര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.