TOPICS COVERED

കൊല്ലത്ത് മദ്യപിക്കാൻ പണം നൽകാത്തതിന് അയൽവാസിയായ സ്ത്രീയെ ആക്രമിച്ച നാൽപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലോണം സ്വദേശി ഗോകുലത്തിൽ ഗോപകുമാർ ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. 

കൊല്ലോണത്ത് താമസിക്കുന്ന വീട്ടമ്മ വഴിയിലൂടെ നടന്നുവരുമ്പോൾ പിന്നാലെ എത്തിയ പ്രതി മദ്യപിക്കുവാനായി അഞ്ഞൂറു രൂപ കടം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞ വീട്ടമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടമ്മ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയായിരുന്നു പ്രതി ആക്രമണം നടത്തിയത്. വീട്ടമ്മയുടെ മുഖത്ത് അടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തു. എറെ നാളായി പ്രതി അസഭ്യം പറയുന്നത് പതിവാണെന്നും പേടിച്ചാണ്  കഴിയുന്നതെന്നും വീട്ടമ്മ പറഞ്ഞു.

മദ്യപിച്ച് അക്രമാസക്തനായ പ്രതി പൊലീസിനെയും ദൃശ്യം പകർത്തുവാൻ ശ്രമിച്ചവരെയും അസഭ്യം പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.