TOPICS COVERED

പാലക്കാട് എലപ്പുള്ളിയിൽ വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. കൊട്ടിൽപ്പാറ സ്വദേശിനിയായ ഇരുപത്തി മൂന്നുകാരിയാണ് തലയ്ക്ക് വെട്ടേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. യുവതിയെ ആക്രമിച്ച കൊട്ടില്‍പ്പാറ സ്വദേശി സൈമണിനെ കണ്ടെത്താന്‍ കസബ പൊലീസ് അന്വേഷണം വിപുലമാക്കി. 

വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ അമ്മയ്ക്കൊപ്പം പുല്ലരിയാന്‍ എത്തിയതായിരുന്നു യുവതി. ചായ തയ്യാറാക്കാന്‍ അമ്മ വീട്ടിലേക്ക് മാറിയ സമയത്തായിരുന്നു ആക്രമണം. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചു. കൊട്ടില്‍പ്പാറ സ്വദേശിയാണ് യുവതിയെ ആക്രമിച്ചതെന്നും യുവതിയുടെ കരച്ചില്‍ കേട്ട്് അട‌ുത്ത വീട്ടുകാര്‍ എത്തുമ്പോഴേയ്ക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. 

യുവതിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിപുലമായ അന്വേഷണം തുടങ്ങിയതായും കസബ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ENGLISH SUMMARY:

Lady attacked in palakkad