bus-service

TOPICS COVERED

ബെംഗളുരുവില്‍ നിന്നു ഓണം ആഘോഷിക്കാനായി പുറപ്പെട്ടവരെ പെരുവഴിയിലാക്കി സ്വകാര്യ ട്രാവല്‍സിന്റെ കൊടുചതി. യാത്ര ദുരിതം മുതലെടുക്കാനായി പെര്‍മിറ്റോ ഇന്‍ഷുറന്‍സോ ഇല്ലാതെ സര്‍വീസ് നടത്തിയ ശ്രീവിനായക ട്രാവല്‍സിന്റെ ബസുകള്‍ തമിഴ്നാട് ആര്‍ടിഒ പിടിച്ചെടുത്തു. പകരം സംവിധാനമൊരുക്കാതെ ട്രാവല്‍സ് ഉടമ കയ്യൊഴിഞ്ഞു. പ്രതിഷേധം ശക്തമായതോെട പാലക്കാട് അതിര്‍ത്തി വരെ തമിഴ്നാട് യാത്ര സൗകര്യം ഒരുക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ശബ്ദമുയര്‍ത്തേണ്ട 20 എം.പിമാരും നിശബ്ദരായതോടെ റയില്‍വേ ഇത്തവണും ബെംഗളുരു  മലയാളികളുടെ ഓണാഘോഷത്തില്‍ മണ്ണുവാരിയിട്ടു. അവസരം മുതലെടുക്കാനായി ഇരട്ടിയിലധികം തുക വാങ്ങി  ഒരുരേഖയുമില്ലാതെ സര്‍വീസ് നടത്തിയ ബസുകളാണ് തമിഴ്നാട് വാഹന വകുപ്പ് പിടികൂടിയത്. ശ്രീവിനായക ട്രാവല്‍സിന്റെ തിരുവനന്തപുരത്തേക്കുള്ള ബസുകള്‍ക്ക് അഭിബസ് എന്ന ആപ്പ് വഴിയായിരുന്നു ബുക്കിങ് സ്വീകരിച്ചിരുന്നത്. ഏറെ വൈകി രാത്രി പതിനൊന്നരയോടെയാണു മടിവാളയില്‍ നിന്നു പുറപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെ കൃഷ്ണഗിരിയില്‍ തമിഴ്നാട് ആര്‍ടിഒ ബസുകള്‍ പരിശോധിച്ചു. രണ്ടു ബസുകളുടെ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ക്കു മുന്‍പ്കാലാവധി കഴിഞ്ഞിരുന്നു. പെര്‍മിറ്റുമുണ്ടായിരുന്നില്ല. ബസുകളുടെ മറ്റുരേഖകളും വ്യാജമായിരുന്നു. യാത്ര തടഞ്ഞ ഉദ്യോഗസ്ഥര്‍ തിരികെ ബെംഗളുരുവിലേക്കു മടങ്ങാന്‍ നിര്‍ദേശിച്ചു. ബസ് ഉടമ പകരം സംവിധാനമൊരുക്കിയില്ല.  

തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്നാട് ആര്‍ടിസി ബസ് ഏര്‍പ്പെടുത്തി. ഇരുബസുകളിലുമുണ്ടായിരുന്ന 60 ല്‍ അധികം യാത്രക്കാരെ ആദ്യം കോയമ്പത്തൂരിലും പിന്നീട് പാലക്കാട് വരെയും തമിഴ്നാട് ആര്‍ടിസി ബസില്‍ എത്തിക്കുകയായിരുന്നു. കോയമ്പത്തൂരിലെത്തിയപ്പോള്‍ ബസ് ഉടമ നേരിട്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തി. 

പാലക്കാട് നിന്നു സ്വന്തം നിലയ്ക്കാണു യാത്രക്കാര്‍ വീടുകളിലേക്കു പോയത്. കൃഷ്ണഗിരി പൊലീസിനു യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവോണത്തിന് പ്രിയപ്പെട്ടവരോടൊപ്പം ഓണം ഉണ്ണാനായി  വന്‍തുക നല്‍കി നാട്ടിലേക്ക് യാത്ര പുറപ്പെട്ടവരാണ് 24 മണിക്കൂറിലേറെ പെരുവഴിയിലായത്. പലര്ക്കും തിരുവോണത്തിന് പോലും വീടണയാനും ട്രാവല്‍സുകാരന്റെ കൊടും ചതിയില്‍ കഴിയില്ല.