kottarakkara-murder

TOPICS COVERED

കൊല്ലം കൊട്ടാരക്കരയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നിട്ടും മരണം ഉറപ്പാക്കാനായി വെട്ടുകത്തി കൊണ്ടു കഴുത്തിൽ പിന്നെയും വെട്ടിപ്പരുക്കേൽപ്പിച്ചു പ്രതി. കൃത്യത്തിനു ശേഷം ഓട്ടോറിക്ഷയിലെത്തി പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പി.സരസ്വതിയമ്മ എന്ന 62കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഡി.സുരേന്ദ്രൻപിള്ള (63) അറസ്റ്റിലായി.

സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിദേശത്തുള്ള ഇളയ മകന്റെ ഭാര്യയും ഒന്നേകാൽ വയസുള്ള മകനുമാണു ദമ്പതികൾക്കൊപ്പം താമസിച്ചിരുന്നത്. ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ തക്കത്തിനാണ് സുരേന്ദ്രൻപിള്ള ക്രൂരകൃത്യം നടപ്പാക്കിയത്. ഭാര്യ മരിക്കുന്നത് നേരിൽ കണ്ട് ആസ്വദിച്ചു. മരണം ഉറപ്പിക്കാനായി കഴുത്ത് അറുത്തു. രക്തക്കറ പടർന്ന വേഷം മാറി സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ ബാബുവിന്റെ വീട്ടിലെത്തി. കൊട്ടാരക്കരയ്ക്കു പോകണം എന്നുപറഞ്ഞാണ് ഓട്ടോയില്‍ കയറിയതെന്ന് ബാബു പറയുന്നു.

ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഭാര്യയെ സുരേന്ദ്രൻപിള്ളയ്ക്ക് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സരസ്വതിയമ്മയെ വെട്ടിക്കൊലപ്പെടുത്തുമെന്നു സുരേന്ദ്രൻപിള്ള മുന്‍പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മദ്യലഹരിയിൽ സരസ്വതിയമ്മയെ സുരേന്ദ്രൻപിള്ള ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. 

ശരീരത്തിലെ മുറിവുകൾ കണ്ട് പലരും ചോദിക്കുമ്പോഴും അവർ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന ഭയമാകാം കാരണമെന്നാണ് സരസ്വതിയമ്മയുടെ അനന്തിരവൾ ബിന്ദുജയും ബന്ധു അമ്പിളിയും പറയുന്നത്. രണ്ട് മാസം മുൻപും ക്രൂരമായി ഉപദ്രവിച്ചു. അതിന്റെ ദൃശ്യങ്ങൾ ബന്ധു മൊബൈൽ ഫോണിൽ പകർത്തി മറ്റ് ബന്ധുക്കൾക്ക് അയച്ചു കൊടുത്തു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും ഇനി ഉപദ്രവിക്കില്ലെന്ന സുരേന്ദ്രൻപിള്ളയുടെ ഉറപ്പിൽ ഒത്തുതീർപ്പാക്കി. 

അമ്മയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകാൻ തയാറായി മൂത്തമകൻ എത്തിയെങ്കിലും സരസ്വതിയമ്മ പോയതുമില്ല. അതിനുശേഷം സമീപകാലം വരെ വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഓണത്തിന് ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. സംഭവം നടക്കുന്നതിന്റെ തൊട്ടുതലേദിവസം വൈകിട്ട് വരെ ഇവര്‍ വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാം പോയതിനു ശേഷമാണ് മുന്‍കൂട്ടി നിശ്ചയിച്ചപോെല പ്രതി കൊലപാതകം നടത്തിയത്.

മൂത്ത മരുമകളെ വിളിച്ച് ഇളയ മരുമകളെയും കുഞ്ഞിനെയും ഇപ്പോള്‍ വീട്ടിലേക്ക് മടക്കി അയക്കേണ്ട. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍പിള്ള അറിയിച്ചു. ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ പോകും വഴിയാണ് ഫോണില്‍ ഇക്കാര്യം വിളിച്ചുപറഞ്ഞത്. കശുവണ്ടി തൊഴിലാളിയായിരുന്ന സരസ്വതിഅമ്മ വിരമിച്ച ശേഷം തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. സുരേന്ദ്രൻപിള്ളയ്ക്കും തയ്യല്‍ജോലി ആയിരുന്നു.  സമീപത്തെ കടമുറി വാടകയ്ക്കെടുത്തു തയ്യൽക്കട നടത്തുകയായിരുന്നു സുരേന്ദ്രൻപിള്ള. 

ENGLISH SUMMARY:

Husband brutally killed and enjoyed his wife's death. 62 years old Saraswathyamma died and her husband 63 years old Surendran Pillai surrendered infront of police.