പത്തനംതിട്ട പെരുനാട്ടിൽ നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സിപിഎം പ്രവർത്തകൻ ബാബു ആത്മഹത്യ ചെയ്ത് രണ്ടു വര്‍ഷമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം ബാബുവിന്‍റേത് എന്ന് ഉറപ്പിച്ച് ഫൊറന്‍സിക് പരിശോധനാ ഫലം വന്നിട്ടും ആരോപണ വിധേയരായ സിപിഎം നേതാക്കളെ പൊലീസ് തൊട്ടില്ല. പൊലീസിനെതിരെ ബിജെപി രണ്ടാം ചരമ വാര്‍ഷികത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
2022 സെപ്റ്റംബര്‍ 25ന് ആണ് പെരുനാട് സ്വദേശി എം.എസ്.ബാബു തൂങ്ങിമരിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ് മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ.കെ.തോമസ്, പഞ്ചായത്ത് അംഗം ശ്യാം എന്നിവരുടെ പേരെഴുതിവച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. വീടിനോട് ചേർന്നുള്ള സ്ഥലം പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും സിപിഎം നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ആത്മഹത്യക്കുറിപ്പ്.
പൊലീസിനെതിരെ മഠത്തുംമൂഴി ജംക്ഷനില്‍ ആയിരുന്നു ബിജെപി പ്രതിഷേധം. ബാബുവിന്‍റെ ഭാര്യ കുസുമ കുമാരി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അനോജ് കുമാര്‍ ആണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. നിയമ നടപടികള്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.