husband-sentenced-to-life-i

TOPICS COVERED

കുടുംബ വഴക്കിനെത്തുടര്‍ന്ന് ആദിവാസി സ്ത്രീയെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അ‌ട്ടപ്പാടി ഷോളയൂര്‍ സ്വദേശിനി വള്ളി കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമിയെ മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. 2014 ഒക്ടോബര്‍ എട്ടിനാണ് വള്ളി കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ രങ്കസ്വാമി ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 

പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ഭര്‍ത്താവ് മുതിര്‍ന്നില്ല. രാത്രിയില്‍ മദ്യപിച്ചെത്തിയ വള്ളി മരച്ചുവട്ടില്‍ വീണുകിടക്കുകയായിരുന്നുവെന്നും ഇതുകണ്ട് ദേഷ്യം വന്നപ്പോള്‍ വീടിനകത്തെത്തിച്ച് വടിയെടുത്ത് രണ്ടുതവണ അടിച്ചെന്നുമാണ് രങ്കസ്വാമി നാട്ടുകാരോട‌്് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് രങ്കസ്വാമി അറസ്റ്റിലാവുകയായിരുന്നു. 

അഗളി ഡിവൈഎസ്പിയായിരുന്ന കെ.എം.ദേവസ്യയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കേസ് തെളിയിക്കപ്പെട്ടത്. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും ഹാജരാക്കി. അയല്‍വാസിയായ സ്ത്രീ വള്ളിയുടെ നിലവിളികേ‌ട്ടെന്ന മൊഴിയും വിചാരണവേളയില്‍ നിര്‍ണായകമായി. 

 

രങ്കസ്വാമി മുന്‍പും വള്ളിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നതിന് തെളിവായി ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി. വിധിയില്‍ തൃപ്തിയെന്ന് വള്ളിയുടെ കുടുംബം. ജീവപര്യന്തം തടവിന് പുറമെ രങ്കസ്വാമി ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷം അധിക കഠിനതടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ENGLISH SUMMARY:

Husband sentenced to life imprisonment and fine of Rs 1 lakh in case of beating to death of tribal woman