തൃശൂര്‍ വരവൂരില്‍ പന്നിയെ കുടുക്കാനായി സ്ഥാപിച്ച വൈദ്യുതക്കെണിയില്‍ കുരുങ്ങി സഹോദരങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചവരെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുന്നു. വരവൂര്‍ സ്വദേശികളായ കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രനും സഹോദരന്‍ അരവിന്ദാക്ഷനുമാണ് മരിച്ചത്. രവീന്ദ്രന് അന്‍പതും അരവിന്ദാക്ഷന് അന്‍പത്തിയഞ്ചും വയസായിരുന്നു. ഇന്നലെ രാത്രി പാടത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു.
രാത്രി വൈകിയും തിരിച്ചെത്തിയില്ല. ഇന്നു രാവിലെ തിരച്ചില്‍ തുടരുന്നതിനിടെ രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വൈദ്യുതക്കെണിയും കണ്ടെത്തി. തൊട്ടടുത്തായി കാട്ടുപന്നി ചത്തുകിടന്നിരുന്നു. ഇരുവരും പിടികൂടിയ മീനുകളേയും സമീപത്തു നിന്ന് കിട്ടി. രാത്രിയില്‍ വൈദ്യുതക്കെണിയില്‍ ചവിട്ടി വൈദ്യുതാഘാതമേറ്റാണ് മരണം. എരുമപ്പെട്ടി പൊലീസ് അന്വേഷണം തുടരുകയാണ്. വൈദ്യുതക്കെണി സ്ഥാപിച്ചവരെ ഇനിയും കണ്ടെത്താനായിട്ടില്ല.