തിരുവനന്തപുരം വെള്ളയമ്പലത്ത് മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ഇന്നലെയാണ്  നടന്‍ ബൈജു അറസ്റ്റിലായത് . അപകടമുണ്ടായശേഷം  പൊലീസ് ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്‍റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു.

അപകട സമയത്ത് കാറില്‍ ഒരു യുവതി കൂടി ഉണ്ടായിരുന്നു. ഇത് മകളാണ് എന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ നിഷേധിച്ച് മകള്‍ തന്നെ രംഗത്തെത്തി. ബിജുവിന്‍റെ കസിന്‍റെ മകളാണ് കൂടെയുണ്ടായിരുന്നതെന്നും മകള്‍ ഐശ്വര്യ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 

Read Also:  മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്റ്റില്‍

കവടിയാര്‍ ഭാഗത്തു നിന്നെത്തിയ കാര്‍   ആല്‍ത്തറ ഭാഗത്തുളള  ബൈജുവിന്‍റെ വീടിന്‍റെ വശത്തേയ്ക്ക്  തിരിയുന്നിടത്താണ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയായിരുന്നു. പെട്ടെന്ന്   വെട്ടിച്ചപ്പോള്‍ സ്കൂട്ടറില്‍ ഇടിച്ചു. പുല്ലിലേയ്ക്ക് വീണ സ്കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരുക്കേറ്റില്ല. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്ന്  ഉറപ്പിക്കാനാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് ശ്രമിച്ചത്.

പരിശോധനയ്ക്കു വിസമ്മതിച്ചാല്‍ 

മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനയ്ക്കു എത്തിക്കുമ്പോള്‍ രക്തസാംപിള്‍ എടുക്കുന്നതില്‍ പ്രതി വിസമ്മതം അറിയിച്ചാല്‍ നിര്‍ബന്ധപൂര്‍വം എടുക്കാനാകില്ല. കോടതിയുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമേ നിര്‍ബന്ധപൂര്‍വം സാംപിള്‍ ശേഖരിക്കാനാകൂ. എന്നാല്‍ പ്രതി വിസമ്മതിച്ച കാര്യം റിപ്പോര്‍ട്ടായി ഡോക്ടര്‍ നല്‍കിയാല്‍ കോടതിയില്‍ പ്രതി മദ്യപിച്ചതു കൊണ്ടാണ് അനുവദിക്കാതിരുന്നതെന്നു നിഗമനത്തിലെത്താന്‍ എവിഡന്‍സ് ആക്ട് വ്യവസ്ഥ പ്രകാരം കോടതിയ്ക്കു കഴിയും. മദ്യപിച്ചതിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്ലെങ്കിലും പരിശോധനയില്‍ പ്രതി വിസമ്മതിച്ചു എന്ന ഡോക്ടറുടെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതു തെളിവായി സ്വീകരിക്കാമെന്നു മോട്ടോര്‍ വാഹന നിയമം  സെക്ഷന്‍ 304 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ നിയമം 53 പ്രകാരവും വ്യവസ്ഥ ചെയ്യുന്നു. 

ENGLISH SUMMARY:

Accident case; actor baiju arrested