ഇടുക്കി നെടുങ്കണ്ടത്ത് എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമം. പറത്തോട് ടൗണിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന്റെ എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രിയിലാണ് പാറത്തോട് ടൗണിലെ എടിഎം കുത്തി തുറക്കാൻ ശ്രമം നടന്നത്. ഷട്ടർ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ എടിഎമ്മിന്റെ മുൻഭാഗം കുത്തി തുറന്നെങ്കിലും പണം നിക്ഷേപിച്ച ലോക്കർ തകർക്കുവാൻ സാധിച്ചില്ല. രണ്ടുദിവസം മുമ്പാണ് എടിഎമ്മിൽ പണം നിറച്ചത്.
മോഷണ സംഘത്തിൽ ഒന്നിലധികം ആളുകളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറത്തോടിൽ മുൻപും വ്യാപക മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. മേഖലയിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.