വെര്‍ച്വല്‍ അറസ്റ്റെന്ന വ്യാജേന മൂവാറ്റുപുഴയില്‍ വീട്ടമ്മയില്‍ നിന്ന് നാല്‍പത് ലക്ഷം തട്ടി. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടവും കള്ളപ്പണ ഇടപാടും നടത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. മുംബൈ പൊലീസിന്‍റെ സൈബര്‍ വിങ്ങില്‍ നിന്നെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. ഈ മാസം 14 മുതല്‍ 18 വരെ വാട്സ്ആപ്പ് കോളിലൂടെയായിരുന്നു ഭീഷണി.
തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്നും, കാനാറ ബാങ്കിലെ അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. രണ്ട് കേസുകളിലും മുംബൈയില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ധരിപ്പിച്ചു. വിവരം പുറത്ത് പറയരുതെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഇരുപത് ലക്ഷം രൂപ അപ്പോള്‍ തന്നെ വീട്ടമ്മ അയച്ചു നല്‍കി.
സ്വര്‍ണം പണയം വച്ച് ബാക്കി തുകയും വിവിധ അകൗണ്ടുകളിലായി നിക്ഷേപിച്ചു. പണം നല്‍കിയ ശേഷമാണ് നടന്നത് തട്ടിപ്പാണെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം അയച്ചു നല്‍കിയ അകൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മൂവാറ്റുപഴയില്‍ തന്നെ വിജിലന്‍സ് കോടതി ജഡ്ജിക്ക് ഉള്‍പ്പടെ രണ്ട് പേര്‍ക്കും സമാന അനുഭവം ഉണ്ടായെങ്കിലും തട്ടിപ്പാണെന്ന് മനസിലായതിനാല്‍ പണം നഷ്ടമായില്ല.