പത്തനംതിട്ട വടശേരിക്കരയിൽ ക്വട്ടേഷൻ സംഘം തട്ടുകട പൊളിച്ചെന്നു പരാതി. തട്ടുകട ഒഴിയണമെന്ന സമീപത്തെ വസ്തു ഉടമയുടെ പരാതിയിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ തീരുമാനം വരാനിരിക്കയാണ് ആക്രമണം. തട്ടുകട പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഒരുലോഡ് കരിങ്കല്ല് ഇറക്കുകയും ചെയ്തു.
പഞ്ചായത്ത് റോഡിന്‍റെ അരികിലായിരുന്നു കട. ക്വട്ടേഷൻ സംഘം ഇറങ്ങിയതോടെ ഉന്തുവണ്ടി, ഗ്യാസ് സിലിണ്ടറുകള്‍, സ്റ്റൗ, രണ്ട് അലമാരകള്‍, വഞ്ചി എന്നിവയുടെ പൊടി പോലും ബാക്കിയില്ല. തിങ്കളാഴ്ച വയലത്തല സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ ഉഷയും കട തുറക്കാൻ വന്നപ്പോൾ കടയില്ല. രണ്ട് വര്‍ഷം മുന്‍പാണ്, ചക്കുപുരയ്ക്കല്‍ ഏബ്രഹാമിന്റെ വീട്ടിലേക്കുളള വഴിയ്ക്ക് സമീപത്ത് തട്ടുകട തുടങ്ങിയത്. ആദ്യം വീട്ടുകാരാണ് പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി പൊലീസ് സഹായത്തോടെ കട പൊളിക്കാനെത്തിയതോടെ ആണ് ഗോപാലകൃഷ്ണന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്.
ദമ്പതികളുടെ മകള്‍ ഭിന്നശേഷിക്കാരിയാണ്. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമാണ് നശിപ്പിച്ചത്. പരാതി നൽകിയിട്ടും പോലീസ് കേസെടുത്തിട്ടില്ല. തട്ടുകട മാറ്റണമെന്ന ഭരണ സമിതി തീരുമാനം ഗോപാലകൃഷ്ണന്‍ അനുസരിച്ചില്ല എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പരാതിയില്‍ തീരുമാനം വൈകുമെന്ന തോന്നലിൽ തട്ടുകട ഒഴിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തു എന്നാണ് സംശയം. പരാതിക്കാരനായ സ്ഥലം ഉടമ വിദേശത്താണ്.