കൊല്ലത്ത് മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിൽ കുളത്തൂപ്പുഴയിലായിരുന്നു കൊടുംക്രൂരത. കുഞ്ഞിന്റെ അടുത്ത ബന്ധുവായ യുവാവ് ആറുമാസത്തിനിടെ കുട്ടിയെ പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആശാപ്രവർത്തക മുഖേനെ ലഭിച്ച വിവരം പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, എറണാകുളത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ. കരുമാലൂർ സ്വദേശിയായ അമ്പതുകാരനെയാണ് ശിക്ഷിച്ചത്. 16 വയസ്സ് പ്രായമുള്ള മകളെ അഞ്ചുമാസം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾ ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം.