crime-news

TOPICS COVERED

ബാറ്റു കൊണ്ടടിച്ചും തല മതിലിലിടിപ്പിച്ചും മകനെ ക്രൂരമായി കൊന്ന് പിതാവ്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്‍റെ പ്രകോപനത്തിനുള്ള കാരണമായി പറഞ്ഞതാവട്ടെ മകന്‍ പഠനത്തില്‍ പിറകിലായതും മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടും. 

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ തേജസ് എന്ന വിദ്യാര്‍ഥിയാണ് സ്വന്തം പിതാവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവദിവസം ഇരുവര്‍ക്കുമിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് രവികുമാര്‍ തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു, തല പിടിച്ച് മതിലിലിടിക്കുകയും ചെയ്തു. 'നീ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്‌നമില്ല' എന്നുപറഞ്ഞായിരുന്നു മര്‍ദനം.

മര്‍ദനത്തിന്‍റെ ആഘാതത്തില്‍ തേജസ് നിലത്തു തളര്‍ന്ന് വീണ് വേദനകൊണ്ട് പുളഞ്ഞെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ പിതാവ് തയാറായില്ല. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് തേജസ് ഈ നിലയില്‍ വീട്ടില്‍ കിടന്നത്. ശ്വാസം നിലച്ചതോടെയാണ്‌ ഇയാള്‍ മകനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ത്തന്നെ തേജസ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 

പിന്നാലെ തന്‍റെ കുറ്റകൃത്യം മറയ്​ക്കാനുള്ള ശ്രമങ്ങളാണ് രവികുമാര്‍ നടത്തിയത്. തറയിലെ രക്തം തുടച്ചുമാറ്റുകയും തിടുക്കപ്പെട്ട് അന്ത്യകര്‍മങ്ങള്‍ക്ക് മുതിരുകയുമായിരുന്നു. മര്‍ദിക്കാനുപയോഗിച്ച ബാറ്റും ഒളിപ്പിച്ചു. എന്നാല്‍ കുമാരസ്വാമി ലേഔട്ട് ഏരിയയില്‍ ഒരു കുട്ടിയുടെ മരണത്തില്‍ സംശയമുള്ളതായി വിവരം ലഭിച്ചതോടെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. 

പൊലീസ് വീട്ടിലെത്തുമ്പോള്‍ കുടുംബം തേജസിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നാലെ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മൃതദേഹത്തിലെ സാരമായ നിരവധി പരിക്കുകളും ആന്തരിക പരിക്കുകളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  പിതാവിനെ അറസ്റ്റുചെയ്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

The father brutally killed his son by hitting him with a bat and hitting his head against the wall