പോക്സോ കേസ് പ്രതിക്കൊപ്പം പോയ പത്തൊമ്പതുകാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈക്കോടതി. യുവാവിനെ വിവാഹം കഴിച്ചെന്നും അയാളൊടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നുമായിരുന്നു പെൺകുട്ടിയുടെ ആദ്യ നിലപാട്. എന്നാൽ യുവാവിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അറിഞ്ഞതോടെയാണ് പെൺകുട്ടി നിലപാട് മാറ്റിയത്.

കോഴിക്കോട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെതിരെ പോക്സോ കേസ് നൽകിയത് പെൺകുട്ടി തന്നെയായിരുന്നു. കേസിൽ 35 ദിവസം ഇയാൾ ജയിലിലായിരുന്നു എന്ന് തനിക്കറിയാമെന്നും പെൺകുട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുവാവിനെ താൻ വിവാഹം കഴിച്ചുവെന്നും, ഇയാൾക്കെതിരെയുള്ള കേസുകളെ കുറിച്ച് അറിയാമെന്നും പെൺകുട്ടി. യുവാവിന് ഒപ്പം പോകണമെന്നും നിലപാട്. 

എന്നാൽ പോക്സോ കേസിൽ പ്രതിയായ യുവാവിനൊപ്പം പോകാൻ പെൺകുട്ടിയെ അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രതിയെക്കുറിച്ച് റിപ്പോർട്ട് തേടി. അടുത്ത തവണ കേസ് പരിഗണിച്ചപ്പോഴാണ് ട്വിസ്റ്റുണ്ടായത്. കൊള്ള, മോഷണം, പിടിച്ചുപറി, പോക്സോ തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടികൾ നേരിടുകയും ചെയ്യുന്നയാളാണ് യുവാവെന്നായിരുന്നു സർക്കാർ റിപ്പോർട്ട്. 

ജാമ്യ വ്യവസ്ഥകളും പ്രതി ലംഘിച്ചിരുന്നെന്ന് കോടതി കണ്ടെത്തി. ഇതോടെ പെൺകുട്ടി നിലപാട് മാറ്റി. സാഹചര്യത്തിന്റെ ഗൗരവം തനിക്ക് അറിയില്ലായിരുന്നെന്ന് വ്യക്തമാക്കിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടത്. 

മകളെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പോക്സോ കേസിൽ നിന്ന് രക്ഷപ്പെടാനാണ് വിവാഹ നാടകമെന്നും മാതാപിതാക്കൾ കോടതിയിൽ അറിയിച്ചു. യുവാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും കോടതിയുടെ നിർദേശമുണ്ട്. യുവാവിന്റെ കൈവശമുള്ള പെൺകുട്ടിയുടെ വിദ്യാഭ്യാസ രേഖകൾ ഹർജിക്കാർക്ക് കൈമാറാനും കോടതി നിർദേശിച്ചു.