മലപ്പുറം തിരൂർ ബിപി അങ്ങാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ പരാതിയുമായി നിക്ഷേപകർ. സ്ഥാപനം അടച്ചുപൂട്ടി നടത്തിപ്പുകാർ മുങ്ങിയെന്നാണ് നിക്ഷേപകരുടെ ആരോപണം. ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളവർ പണം തിരികെ ലഭിക്കാതായതോടെയാണ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
തവണകളായി കുറിയിൽ പണം നൽകിയവരാണ് അധികവും. ഒരു ലക്ഷം രൂപയുടെ മുകളിലുള്ള കുറികളാണ് ധനകാര്യ സ്ഥാപനം നടത്തിയിരുന്നത്. നൂറിലധികം ആളുകൾ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാനായിതോടെ നിക്ഷേപകർ അന്വേഷിച്ചു വന്നപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമസ്ഥർ മുങ്ങിയ വിവരം അറിയുന്നത്.
പണം ആവശ്യപ്പെട്ട് പലതവണ ധനകാര്യസ്ഥാപനത്തിൽ ബന്ധപ്പെട്ടവർക്ക് സ്ഥാപനത്തിൽനിന്ന് ചെക്കുകൾ നൽകിയിരുന്നു. ഇത് വിശ്വസിച്ചു മടങ്ങിയവർക്കും നിരാശയായിരുന്നു ഫലം. ധനകാര്യസ്ഥാപനം നിക്ഷേപകർക്ക് നൽകിയ ചെക്കുകൾ എല്ലാം മടങ്ങി എന്നും പരാതിയിൽ പറയുന്നു. നൂറുകണക്കിനാളുകളാണ് വഞ്ചിക്കപ്പെട്ടത്. നിക്ഷേപകരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.