TOPICS COVERED

കോഴിക്കോട് കൊടുവള്ളിയിലെ സ്വർണ കവർച്ചക്ക് പിന്നിൽ ക്വട്ടേഷൻ സംഘം എന്ന് പൊലീസ്. കവർച്ചയ്ക്കിരയായ  വ്യാപാരി ബൈജുവിന്റെ സുഹൃത്ത് രമേശാണ്  മോഷണത്തിന്റെ സൂത്രധാരൻ. കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശ്ശൂർ, പാലക്കാട് സ്വദേശികളായ വിമൽ, രമേശ്, വിപിൻ, ഹരീഷ്, ലതീഷ് എന്നിവരാണ് പിടിയിൽ ആയത്. രമേശിന്റെ 12 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു പ്രതികളുടെ മോഷണം. ഈ പണം പ്രതികളിൽ നിന്ന് കണ്ടെടുത്തു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറി പൂട്ടിയതിനുശേഷം  സ്വർണ്ണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് യാത്ര തിരിച്ച് ബൈജുവിനെ  കാറിലെതിയ ഒരു സംഘം ഇടിച്ചുവീഴ്ത്തി സ്വർണ്ണം കവരുകയായിരുന്നു. ബൈജുവിനെ കുറിച്ചും സ്വർണ്ണവുമായുള്ളബൈജുവിന്റെ യാത്രയെക്കുറിച്ചും  വ്യക്തമായി അറിയുന്ന ആൾ ആയിരിക്കും കർച്ചക്ക് പിന്നിൽ എന്ന് ആദ്യമേ അന്വേഷണസംഘം ഉറപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ  പരിശോധിച്ചപ്പോഴാണ് രമേശിന്റെ പങ്ക് വ്യക്തമായത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ രമേശ് കുറ്റം സമ്മതിച്ചു. ബൈജുവിന്റെ ജ്വല്ലറി കടയുടെ സമീപത്താണ് രമേശിന്റെ കടയും. ഇരുവരും വർഷങ്ങളായി പരിചയക്കാരാണ്. 

മോഷണം പോയ ഒന്നേമുക്കാൽ കിലോ സ്വർണത്തിൽ നിന്ന്  ഒരു കിലോ 300 ഗ്രാം പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ളവ ക്കായി അന്വേഷണം തുടരുകയാണ്. ക്വട്ടേഷൻ സംഘത്തിൽ പെട്ട സിനോയ് യെ കുറിച്ചും കാര്യമായ വിവരമില്ല.  ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജമാക്കിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Koduvally gold robbery case special investigation team