കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് കാസർകോട് പിടിയിൽ. മീശ റൗഫ് എന്നറിയപ്പെടുന്ന അബ്ദുൾ റൗഫാണ് പിടിയിലായത്. ഉപ്പളയിൽ നിന്നും മോഷണം പോയ ബൈക്ക് പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.

കാസർകോട്, കുമ്പള, വിദ്യാനഗർ, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയാണ് അബ്ദുൾ റൗഫ്. മഹാരാഷ്ട്ര, ഡൽഹി, കർണാടക സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാസർകോട് മൊഗ്രാലിലെ ക്വാർട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് അബ്ദുൾ റൗഫ് പിടിയിലായത്. 

ഉപ്പളയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. കാസർകോട് ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ മഞ്ചേശ്വരം സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

The notorious bike thief from Kasaragod has been arrested. Abdullāh Rauf, known as Meesha Rauf, was apprehended. The bike, which was stolen from Uppala, was recovered from the accused.