തൃശൂര്‍ പുതുക്കാട് സെന്ററില്‍ പട്ടാപകല്‍ യുവതിെയ മുന്‍ ഭര്‍ത്താവ് കുത്തി വീഴ്ത്തി. ദേഹമാസകലം കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍. മുന്‍ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തൃശൂര്‍ പുതുക്കാട് സെന്ററില്‍ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു ആക്രമണം. ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ തൃശൂര്‍ കൊട്ടേക്കാട് സ്വദേശി ബബിത ജോലിയ്ക്കു വന്നതായിരുന്നു. പുതുക്കാട് സെന്ററില്‍ എത്തിയപ്പോഴാണ് മുന്‍ ഭര്‍ത്താവ് ലെസ്റ്റിന്‍ ആക്രമിച്ചത്. പേനക്കത്തി കൊണ്ട് ദേഹമാസകലം കുത്തി പരുക്കേല്‍പിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശിയാണ് ലെസ്റ്റിന്‍. ദൃക്സാക്ഷികളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉടനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒന്‍പത് കുത്തേറ്റിട്ടുണ്ട്.
വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു വര്‍ഷം മുമ്പാണ് ബബിതയും ലെസ്റ്റിനും തമ്മില്‍ േവര്‍പിരിഞ്ഞത്. പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് ബബിത നിലവില്‍ താമസിക്കുന്നതെന്ന് ലെസ്റ്റിന്‍ പൊലീസിനോട് പറഞ്ഞു. ലെസ്റ്റിന്റെ അമ്മ നേരത്തെ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ഈ ജോലിയാണ് ബബിതയ്ക്കു ലഭിച്ചത്.
ലെസ്റ്റിനാകട്ടെ പെയിന്റിങ് തൊഴിലാളിയും. ഏഴു വയസുള്ള മകനുണ്ട്. പ്രതിമാസം മകനുള്ള ധനസഹായം നല്‍കണമെന്നായിരുന്നു ധാരണ. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. ബബിതയുടെ വയറില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ലെസ്റ്റിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.