മലപ്പുറം താനൂരിൽ അമ്മയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ പനങ്ങാട്ടൂർ കാലടി വീട്ടിൽ ബേബി എന്ന ലക്ഷ്മി, മകള്‍ ദീപ്തി എന്നിവരാണ് മരിച്ചത്. ബേബിയെ ഫാനിൽ തൂങ്ങിയ നിലയിലും മകളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അമ്മയും മകളും മുറിയുടെ വാതിൽ തുറക്കാതായതോടെയാണ് വീട്ടുകാരും അയൽക്കാരും ചേർന്ന് വാതിൽ തകർത്ത് കയറിയത്. ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിലും മകൾ ദീപ്തിയെ കട്ടിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 36 വയസ്സുകാരിയായ ദീപ്തിക്ക് സംസാരശേഷിയില്ല. സ്വയം നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. 74കാരിയായ അമ്മയാണ് മകളെ നോക്കിയിരുന്നത്. ലക്ഷ്മിയുടെ ഭർത്താവ് 2008 ൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചതാണ്. താനൂർ ഡിവൈഎസ്പി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.