മദ്യപിച്ചാല്‍ സുബോധം നഷ്ടമാകുന്ന ചിലരുണ്ട് നമുക്കിടയിലുണ്ട്. ഇവര്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ തമാശയും ചിലപ്പോള്‍ ബുദ്ധിമുട്ടും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അടിച്ചുഫിറ്റായി പൊലീസിന് നേരെ അസഭ്യം, ആക്രമണം. പോരാത്തതിന് പൊലിസ് വാഹനം അടിച്ച് തകര്‍ക്കല്‍.
ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ പൊലീസ് പങ്കുവച്ച സംഭവത്തിന്റെ മുമ്പും പിമ്പുമുള്ള വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. തെരുവില്‍ നിന്നവര്‍ പകര്‍ത്തിയ ഇയാളുടെ പരാക്രമ ദൃശ്യങ്ങളും വൈറലായി. വീഡിയോ ആരംഭിക്കുന്നത് ഘരത് സ്വദേശിയായ വിവേക് ബിഷ്ത് എന്നയാള്‍ പൊലീസ് വാഹനത്തിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്ത് അതിലൂടെ ശരീരം പുറത്തേക്കിട്ട് അസഭ്യം വിളിക്കുന്നതോടെയാണ്. ഇയാള്‍ ഇതിനിടെ തനിക്ക് അടുത്തേക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തല്ലാന്‍ ശ്രമിക്കുന്നതും കാണാം.
പൊലിസ് പുറത്ത് വിട്ട വീഡിയോയില്‍ 'അല്പ നിമിഷങ്ങള്‍ക്ക് ശേഷം' എന്ന എഴുത്തിന് പിന്നാലെ ജയില്‍ സെല്ലില്‍ നിന്നും വിവേക് ബിഷ്തിനെ പുറത്തേക്ക് കൊണ്ട് വരുന്നത് കാണാം. കാമറയ്ക്ക് മുന്നില്‍ കൈ കൂപ്പി നിന്ന് ഇയാള്‍ തന്റെ തെറ്റുകള്‍ ഏറ്റ് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തമാശ കുറിപ്പുകളുമായി എത്തിയത്. ഏത് ബ്രാന്‍ഡാണ് ഇയാള്‍ അടിച്ചത് എന്നോക്കെയാണ് കമറ്റുകള്‍. 'അടുത്ത കുടിക്ക് മുമ്പ് ജീവിതകാലം മുഴുവനും പശ്ചാത്തപിക്കാനുള്ള വക അയാളില്‍ നിന്ന് ഉറപ്പാക്കുന്നതിന് പൊലീസ് നന്ദിയെന്നും സമൂഹ മാധ്യമങ്ങളില്‍ കമറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.