മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്റ്റിയറിങ് തിരിച്ചതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി പരുക്കേറ്റ യുവതി മരിച്ചു. ഞായറാഴ്ച രാത്രി മുംബൈയിലെ ലാൽബാഗിലായിരുന്നു അപകടം. നൂപുർ സുഭാഷ് മണിയാർ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ 8 പേർ ചികില്‍സയിലാണ്.
ബസ് നിര്‍ത്താനാവശ്യപ്പെട്ടാണ് മദ്യപിച്ചെത്തിയ ദത്താ ഷിൻഡെ ഡ്രൈവറുമായി തർക്കിക്കുന്നത്. ലാൽബാഗിൽ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുന്ന ഇയാള്‍ ബസ് തന്‍റെ സ്റ്റോപ്പിൽ എത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ വാശിപിടിക്കുകയായിരുന്നു. എന്നാല്‍ നിർത്താൻ ഡ്രൈവർ കമലേഷ് പ്രജാപതി തയ്യാറായില്ല. തുടര്‍ന്നാണ് ഷിൻഡെ സ്റ്റിയറിംഗ് വീലിൽ പിടിച്ചു തിരിക്കുന്നത്. ഇതോടെ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ കാറിലും ബൈക്കിലും ഇടിച്ചാണ് ബസ് നിന്നത്.
സിഗ്നലിൽ ബസ് നിർത്താൻ കഴിയില്ലെന്നും അടുത്ത സ്റ്റോപ്പിൽ ഇറക്കാമെന്നുമാണ് താന്‍ ദത്താ ഷിൻഡെയോട് പറഞ്ഞതെന്ന് ഡ്രൈവര്‍ പറയുന്നു. പിന്നാലെ നാല്‍പ്പതുകാരന്‍ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ബസ് നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തിയില്‍ താന്‍ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തുകയായിരുന്നുവെന്നും പ്രജാപതി പൊലീസിനോട് പറഞ്ഞു. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റിയത്.
അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു മരിച്ച നൂപുർ. ദീപാവലിക്ക് ശേഷം നുപൂറിന്‍റെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. ലാൽബാഗിലെ ചിഞ്ച്‌പോക്‌ലി സ്വദേശിയായ നുപൂര്‍ ആദായനികുതി വകുപ്പിൽ അസിസ്റ്റന്‍റായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പുറമേ സന്നദ്ധപ്രവർത്തകനങ്ങളിലും നുപൂര്‍ സജീവമായിരുന്നു.