ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത് പന്നിക്കെണിയില്‍പ്പെട്ടുള്ള മരണമെന്ന് തെളിഞ്ഞു. പരുത്തിപ്ര സ്വദേശി കുഞ്ഞന്‍റെ മരണത്തില്‍ കുളം ഉള്‍പ്പെടുന്ന സ്ഥലത്തിന്‍റെ ഉടമ കോഴിപ്പാറ സ്വദേശി ശങ്കരനാരായണനെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ തൊഴിലാളി കൂടിയായ കുഞ്ഞന്‍ ഷോക്കേറ്റ് മരിച്ചെന്ന് തെളിഞ്ഞതിന് പിന്നാലെ ശങ്കരനാരായണന്‍ തെളിവ് നശിപ്പിച്ചതായും പൊലീസ്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതി ഷോക്കിലാണ് കുഞ്ഞന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ശങ്കരനാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പന്നിയെ കുടുക്കാനുള്ള കെണിയില്‍പ്പെട്ടാണ് കുഞ്ഞന്‍ മരിച്ചതെന്ന് മനസിലാക്കിയ ശങ്കരനാരായണന്‍ തെളിവുകള്‍ നശിപ്പിച്ച് സുരക്ഷിതനാവാന്‍ ശ്രമിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ശങ്കരനാരായണൻ ഇക്കാര്യം സമ്മതിച്ചു.
ശങ്കരനാരായണന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു കുഞ്ഞൻ. ശങ്കരനാരായണന്റെ കൃഷിയിടത്തിൽ പന്നിശല്യം വർധിച്ചതിന്റെ പേരിലായിരുന്നു വീട്ടിൽ നിന്ന് ഇലക്ട്രിക് വയർ സ്ഥാപിച്ചു സമീപത്തെ കുളത്തിനും കൃഷിയിടത്തിനു ചുറ്റും വൈദ്യുതി കെണിയൊരുക്കിയത്. അപകടമുണ്ടായ നവംബർ 28ന് പുലർച്ചെ അഞ്ചോടെയാണു കുഞ്ഞൻ ലൈനിൽ നിന്ന് ഷോക്കേറ്റ് കുളത്തിലേക്ക് തെറിച്ചത് എന്നാണു കണ്ടെത്തൽ.
കുഞ്ഞന്‍ മരിച്ച് കിടക്കുന്നത് ശങ്കരനാരായണന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ വൈദ്യുതി കെണി മുറിച്ചുമാറ്റി ഇയാൾ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതിയും നൽകി. ഇതിനിടെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതും അറസ്റ്റിലേക്ക് നീങ്ങിയതും. ശങ്കരനാരായണനെ അപകടമുണ്ടായ സ്ഥലത്തെത്തിച്ച് ഷൊര്‍ണൂര്‍ പൊലീസ് തെളിവെടുത്തു.