പരീക്ഷയെഴുതാനുള്ള മടി കാരണം സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞുപരത്തി പ്ലസ് ടു വിദ്യാര്‍ഥി. ഡല്‍ഹിയില്‍ സ്കൂളുകള്‍ക്കു നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി വരുന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. ഒരുസംഘം വിദ്യാര്‍ഥികള്‍ ഇതിനു പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
പൊലീസ് പിടിയിലായ വിദ്യാര്‍ഥി ആറുതവണയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. സ്വന്തം സ്കൂള്‍ ഒഴികെ സമീപത്തുള്ള മറ്റ് സ്കൂളുകള്‍ക്കാണ് ഓരോ തവണയും ഭീഷണി ഉണ്ടായത്. തന്നെ തിരിച്ചറിയാതിരിക്കാനുള്ള കുട്ടിയുടെ തന്ത്രമായിരുന്നു അത്. 23 സ്കൂളുകളെ വരെ ടാഗ് ചെയ്തായിരുന്നു ഭീഷണി സന്ദേശങ്ങള്‍.
പരീക്ഷ റദ്ദാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. സന്ദേശം ലഭിച്ച ഓരോ സ്കൂളിലും ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തും. ഈ സമയം വിദ്യാര്‍ഥികള്‍ക്ക് അവധിയും നല്‍കും. ഇത് തുടര്‍ന്നത് പൊലീസിനും വലിയ തലവേദനയായി. ക്രമസമാധാനച്ചുമതല താറുമാറായതിന്‍റെ പേരില്‍ പൊലീസും സര്‍ക്കാരും വിമര്‍ശനവും നേരിട്ടു.
40 സ്കൂളുകളാണ് കഴിഞ്ഞ മാസം വ്യാജ ഭീഷണി കാരണം അടച്ചിട്ടത്. ഇതിനുപിന്നാലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ചിലര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇത്തരം സന്ദേശങ്ങള്‍ കൂട്ടുകാര്‍ക്ക് തമാശയായി ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ചില വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് താക്കീത് ചെയ്ത സംഭവങ്ങളുമുണ്ടായി. കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.